നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കൾ

കോഴിക്കോട്: മോഡലും ടെലിഫിലിം ആർട്ടിസ്റ്റുമായ യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ്രാംകാല ഷഹാനയാണ് (21) മരിച്ചത്. പറമ്പിൽ ബസാറിനടുത്ത് ഗൾഫ് ബസാറിൽ നമ്പ്യങ്ങാടത്തെ വാടക വീട്ടിൽ വ്യാഴാഴ്ച രാത്രി 12 മണിയോടെ ഷഹാനയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഭർത്താവ് കക്കോടി മക്കട അയ്യപ്പൻകണ്ടി സജാദാണ് സമീപവാസികളെ വിവരം അറിയിച്ചത്. സംഭവം നടക്കുന്നതിന് അൽപം മുമ്പ് മുറിയിൽ ബഹളം കേട്ടിരുന്നതായി വീട്ടുടമയുടെ മകൻ ജാസർ പറഞ്ഞു.

സജാദ് വിളിച്ചതനുസരിച്ച് എത്തിയപ്പോൾ ഷഹാനയെ സജാദ് മടിയിലിരുത്തിയ നിലയിലാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉടൻ ജാസർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സജാദിനെ ചേവായൂർ പൊലീസ് ചോദ്യം ചെയ്തുവരുന്നു.

വെള്ളിയാഴ്ച ഷഹാനയുടെ പിറന്നാൾ ആയിരുന്നുവെന്നും വ്യാഴാഴ്ച രാത്രി താൻ വൈകി എത്തിയതിനെച്ചൊല്ലി കലഹിക്കുകയും ഷഹാന വാതിലടച്ച് മുറിയിൽ കയറുകയുമായിരുന്നുവെന്നും സജാദ് പറഞ്ഞു. പിണങ്ങുന്ന സമയങ്ങളിൽ ഷഹാന ഇങ്ങനെ ചെയ്യാറുള്ളതിനാൽ ശ്രദ്ധിച്ചില്ല.

15 മിനിറ്റ് കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ചവിട്ടി തുറക്കുകയായിരുന്നു. ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നുവെന്നും സജാദ് പൊലീസിനോട് പറഞ്ഞു. ഇടക്കിടെ വീട്ടിൽ ബഹളം കേൾക്കാറുണ്ടായിരുന്നുവെന്നും, അതിനാൽ വീടൊഴിയാൻ പറഞ്ഞിരുന്നെന്നും ഉടമ പറഞ്ഞു. പണത്തിനും സ്വർണത്തിനും വേണ്ടി സജാദ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഷഹാനയുടെ മാതാവ് ഉമൈബ ആരോപിച്ചു.

ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകീട്ട് 7.30 ഓടെ ചെറുവത്തൂരിലേക്ക് കൊണ്ടുപോയി. സജാദ് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി അറിവുണ്ടെന്നും, മൃതദേഹത്തിൽ ചെറിയ പരിക്കുണ്ടെന്നും അസി.കമീഷണർ കെ. സുദർശൻ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു പറഞ്ഞു. പിതാവ്: അൽത്താഫ്. സഹോദരങ്ങൾ: നദീം, ബിലാൽ.

Tags:    
News Summary - The actress and model was found dead under mysterious circumstances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.