കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട തടാകം. താന്തോണിത്തുരുത്തിൽനിനിന്നുള്ള ദൃശ്യം
കേവലം 200 മീറ്റർ നീളം വരുന്ന പാലമുണ്ടായാൽ ‘വൈര ദ്വീപായി’ മാറുന്ന ഒരു തുരുത്ത്. നഗരത്തോട് ഏറ്റവും അടുത്തുകിടക്കുന്ന മനോഹരമായ ഭൂപ്രദേശം. എന്നിട്ടുമെന്തേ ഈ അവഗണന എന്ന ചോദ്യമാവും താന്തോണിത്തുരുത്തിന്റെ ദുരവസ്ഥ അറിയുന്നവർ ആദ്യം ചോദിക്കുക. പാലമെന്ന ആവശ്യം ഭരണകൂടം ചെവിക്കൊള്ളുന്നില്ല. എങ്കിൽ ഒരു നടപ്പാലമെങ്കിലും? അതിനും തയാറല്ല അധികൃതർ. ആംബുലൻസ് ബോട്ടുപോലും തുരുത്തിലേക്കില്ല. ഈ അവഗണനക്ക് വ്യക്തമായ കാരണങ്ങളൊന്നും അധികൃതരുടെ പക്കലില്ല. കേവലം 200ഓളം വരുന്ന വോട്ടർമാർ മാത്രമുള്ള ദ്വീപിലേക്ക് കോടികൾ മുടക്കി പാലം പണിതിട്ട് ‘ആർക്കെന്ത്’ നേട്ടമെന്ന രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രമാകാം ഒരു കാരണം. കാര്യങ്ങൾ ശരിക്കൊന്നു വിലയിരുത്തിയാൽ തെളിഞ്ഞുവരാൻ സാധ്യതയുള്ള കാരണങ്ങൾ പിന്നെയുമുണ്ട് ഒട്ടേറെ.
ദലിത്, ധീവര സമുദായക്കാർ മാത്രമുള്ള താന്തോണിത്തുരുത്തിലെ സ്ഥിര വാസികളുടേതല്ല ഇവിടുത്തെ മുഴുവൻ ഭൂമിയും. അഞ്ചോ പത്തോ സെന്റിലധികമൊന്നും നാട്ടുകാരുടെ പക്കലുണ്ടാവില്ല. തുരുത്തിലേക്ക് കയറിച്ചെല്ലുന്നവരെ സ്വാഗതം ചെയ്ത് നിൽക്കുന്ന മനോഹരമായ ചെറിയ കെട്ടിടംപോലും പുറത്തുനിന്നുള്ള സ്വകാര്യ വ്യക്തി സ്ഥലം വാങ്ങി നിർമിച്ചതാണ്. ഇതിനോട് ചേർന്നും ജനവാസം കുറഞ്ഞ വടക്കുഭാഗത്തും ഏക്കറുകളാണ് പുറത്തുനിന്നുള്ള സ്വകാര്യ വ്യക്തികളുടേതായുള്ളത്. പണ്ട് മുതലേ കൈവശമുള്ളവയും പലപ്പോഴായി പിന്നീട് വാങ്ങിക്കൂട്ടിയവയും ഇക്കൂട്ടത്തിലുണ്ട്. 50 ഏക്കറും അതിലേറെയും സ്ഥലം സ്വന്തമായുള്ളവരുമുണ്ട്.
തുരുത്തിലെ താമസക്കാരിൽ ഏറ്റവുമധികം ദുരിതം പേറുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്ക് ഈ തുരുത്ത് ജീവിതം അതീവ ദുസ്സഹമാണെന്ന് വീട്ടമ്മയായ റഷീദ വിനു പറയുന്നു. കായൽ താണ്ടി നഗരത്തിലെ ഫ്ലാറ്റുകളിൽ വീട്ടുജോലിക്ക് പോകുന്നവരാണ് സ്ത്രീകളിലേറെയും. നേരം പുലരും മുമ്പേ ഉണർന്ന് വീട്ടിലുള്ളവർക്ക് ഭക്ഷണമുണ്ടാക്കി വെച്ച് കുട്ടികളെ സ്കൂളുകളിലേക്കയച്ച് സമയം തെറ്റാതെ ബോട്ടുകയറി കരയിലെത്താൻ ഇവർ ചെറുതായൊന്നുമല്ല പ്രയാസപ്പെടുന്നത്. തിരിച്ചെത്തിയാൽ വീടിനകത്തെ വെള്ളവും ഈർപ്പവും നീക്കിയിട്ട് വേണം വീണ്ടും അടുക്കള ജോലിയിലേക്ക് കടക്കാൻ. ജീവിതത്തെക്കുറിച്ച് പ്രതീക്ഷയറ്റവർ. ദ്വീപിന്റെ ദുരിതക്കയത്തിൽനിന്ന് അടുത്ത തലമുറയെയെങ്കിലും കരേറ്റാൻ ഇവിടം വിട്ടുപോകാനും ചിലർ തയാർ.
82 കുടുംബങ്ങൾ താമസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് 62 കുടുംബങ്ങൾ. ദുരിതജീവിതം നയിച്ച് മതിയായ ചിലർ കായൽ കടന്നുപോയി. ശേഷിക്കുന്നവരിൽ പലരും മനം മടുത്ത് നാടുവിടാനുള്ള ഒരുക്കത്തിലുമാണ്. അങ്ങനെ അവസാന കുടുംബവും ഇവിടം വിടുന്ന ദിവസത്തിനായി കാത്തിരിക്കുന്നവരാണ് താന്തോണിത്തുരുത്തിന്റെ ശോച്യാവസ്ഥക്ക് പിന്നിലെന്നാണ് തുരുത്ത് നിവാസികളുടെ വിശ്വാസം. ഇതോടെ ഭൂമി മുഴുവൻ ആരുടെയെങ്കിലും സ്വകാര്യ സ്വത്താകും. അതോടെ പാലവും മറ്റു സൗകര്യങ്ങളും ദ്വീപിനെ തേടിയെത്തും. നിലവിൽ വ്യാപാരികൾ മൂന്നുമുതൽ 10 ലക്ഷം വരെ ഇവിടെ സെന്റിന് വില പറഞ്ഞിട്ടുണ്ട്. ഗതാഗത സൗകര്യമടക്കം വന്നാൽ, മൂന്നും നാലും ഇരട്ടിയായി വില മാറും. നേട്ടം അവശേഷിക്കുന്ന ഭൂവുടമകൾക്ക് മാത്രം.
ദുരിതം കോരിയാണ് താന്തോണിത്തുരുത്ത് വാസികളുടെ ജീവിതമെങ്കിലും പ്രകൃതിരമണീയമാണ് ഈ പ്രദേശം. വീടുകളിലേക്ക് വെള്ളമിരച്ചു കയറുന്ന ദുരവസ്ഥക്ക് മുമ്പ് സുന്ദരക്കാഴ്ചയായിരുന്നു അവിടുത്തെ ചെറു കണ്ടൽവനങ്ങൾ. കണ്ടൽ കാടും കായൽ ഭംഗിയും അപൂർവ പക്ഷിജാലങ്ങളും കൊണ്ട് സമ്പന്നമാണ് തുരുത്ത്. ദ്വീപിൽനിന്നുള്ള പ്രഭാത - അസ്തമക്കാഴ്ചകൾ അതിമനോഹരം. ഭരിക്കുന്നവർ മനസ്സുവെച്ചാൽ എറണാകുളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടമായി മാറും ഈ ചെറുപ്രദേശം. വേണ്ടത് ഭരണകൂട ഇച്ഛാശക്തി മാത്രം.
ഈ ദ്വീപിനെ വിട്ടുകൊടുക്കാതെ സർക്കാർ പദ്ധതികളിലൂടെ ഇതിനെ വൈരദ്വീപാക്കി മാറ്റാവുന്നതേയുള്ളൂ. എറണാകുളം നഗരത്തെയും താന്തോണിത്തുരുത്തടങ്ങുന്ന ചെറു ദ്വീപുകളെയും ബന്ധപ്പെടുത്തിയുള്ള വിനോദസഞ്ചാര പദ്ധതിയിലൂടെ സാധ്യമാകുന്നതാണിത്. സർക്കാർ ഉടമസ്ഥതയിൽ പ്രകൃതിയെയും പരിസ്ഥിതിയേയും ബാധിക്കാതെ നടപ്പാക്കാവുന്ന ടൂറിസം പദ്ധതികൾ ഇവിടെ മാത്രമായും കൊണ്ടുവരാനാവും. നിലവിലെ ഭൂവുടമകളുമായി സഹകരിച്ച് സർക്കാർ - സ്വകാര്യ സംരംഭങ്ങളെന്ന നിലയിലും ഇത്തരം പദ്ധതികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. എന്നാൽ, ഏത് വികസന പദ്ധതിയെയുംകുറിച്ച് ആലോചിക്കും മുമ്പ് യാഥാർഥ്യമാകേണ്ടത് തുരുത്തിനെ സംരക്ഷിക്കാനുള്ള ഔട്ടർ ബണ്ടാണ്. അല്ലാത്തപക്ഷം നാലുവശത്തുനിന്നും നിരന്തരം ഇരമ്പിക്കയറുന്ന വെള്ളത്തിൽ മുങ്ങി ഈ അപൂർവ ദ്വീപ് തന്നെ ഇല്ലാതാവും. ഇനിയും കാത്തിരുന്നാൽ വേമ്പനാട്ട് കായലിലേക്ക് ആണ്ടിറങ്ങി വെറുമൊരു ഓർമയായി മാറും ഈ നഗരദ്വീപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.