ഷഹബാസ് വധം: ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് പ്രധാന പ്രതിയുടെ പിതാവ്, പ്രതി ചേർത്തേക്കും

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസ് മരിച്ച സംഭവത്തിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളാണെന്ന സൂചനയെ തുടർന്നാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇയാൾക്ക് രാഷ്ട്രീയ-ഗുണ്ടാ ബന്ധങ്ങൾ ഉണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികളുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കുകയുളളൂവെന്ന് പൊലീസ് അറിയിച്ചു.

ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റൂറൽ എസ്.പി കെ.ഇ. ബൈജു പ്രതികരിച്ചു. വിദ്യാർഥികൾ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ വീടുകളിൽ പരിശോധന നടത്തി. വിദ്യാർഥികളുടെ മൊബൈൽ ഫോൺ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം തുടങ്ങിയവ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമം തുടരുകയാണ്. വാട്സാപ്പ് ഗ്രൂപ്പിലെ വിദ്യാർഥികളുടെ സംഭാഷണങ്ങൾ ഉൾപ്പെടെ സൂചിപ്പിക്കുന്നത് ആസൂത്രണത്തോടെയുള്ള അക്രമമെന്നാണ്.

അക്രമത്തിന് ശേഷമുണ്ടായ കുട്ടികളുടെ പ്രതികരണവും അത്തരത്തിലാണ്. കുട്ടികളുടെ മനോനില പരിശോധിക്കപ്പെടേണ്ടതാണ് മൊബൈൽ ഫോൺ റിക്കവർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഉപയോഗിച്ച ആയുധം കണ്ടെത്താനും കഴിഞ്ഞു. അക്രമത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അങ്ങനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എസ്.പി വ്യക്തമാക്കി.

അതിനിടെ കേസിൽ അറസ്റ്റിലായവരെ പരീക്ഷ എഴുതിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിനെ വിമർശിച്ചിരിക്കുകയാണ് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. കു​റ്റാരോപിതരായ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതായിരുന്നു. പരീക്ഷ എഴുതിപ്പിക്കുന്നത് തെ​റ്റായ സന്ദേശം നൽകും. കു​റ്റാരോപിതന്റെ പിതാവിന് ക്വട്ടേഷൻ ബന്ധങ്ങൾ ഉണ്ട്. സ്വാധീനം ഉപയോഗിച്ച് അവർ രക്ഷപ്പെടരരുത്. ഇത് തങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.

കുറ്റാരോപിതരെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ തിങ്കളാഴ്ച രാവിലെ കെ.എസ്‌.യുവും എംഎസ്എഫും വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. സംഘർഷമുണ്ടായതിനു പിന്നാലെ പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. പ്രതികൾക്ക് പരീക്ഷ എഴുതാൻ ഇന്നലെ ജുവനൈൽ ബോർഡ്‌ അനുമതി നൽകിയിരുന്നു. തുടർന്ന് പൊലീസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് അതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

താ​മ​ര​ശ്ശേ​രി​യി​ലെ ട്യൂ​ഷ​ൻ സെ​ന്റ​റിൽ ഫെബ്രുവരി 23ന് ഞായറാഴ്ച വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ലാ​ണ് പ​ത്താം ക്ലാ​സു​കാ​ര​ൻ എ​ളേ​റ്റി​ൽ എം.​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സിന് (15) സാരമായി പരിക്കേറ്റതും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 28ന് രാത്രിയോടെ മരിച്ചതും. ഷ​ഹ​ബാ​സി​നെ മ​ർ​ദി​ച്ച അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തിയിട്ടുണ്ട്. ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ വെ​ള്ളി​മാ​ട്കു​ന്നി​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലാ​ണ് കഴിയുന്നത്.

Tags:    
News Summary - Thamarassery Shahabas Death Case: Main accused's father may be listed as accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.