തിരുവനന്തപുരം: പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടിയ സി.പി.എം ക്രിമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റി സി.പി.എമ്മിനോട് കളിക്കേണ്ടെന്ന ക്രിമിനലുകളുടെ വാക്കുകള്‍ക്കാണ് മുഖ്യമന്ത്രി അടിവരയിട്ടു കൊടുത്തതെന്ന് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് കിട്ടിയ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാര്‍ക്കാണ് ഈ ദുരന്തമുണ്ടായത്. ഇത് സംസ്ഥാനത്ത് ഉടനീളെ ആവര്‍ത്തിക്കപ്പെടുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയാണ്. നിനക്ക് വേറെ പണിക്ക് പൊയ്ക്കൂടെയെന്നാണ് എസ്.എഫ്.ഐ നേതാവ് ചോദിച്ചത്.
ചാലക്കുടിയില്‍ വണ്ടി അടിച്ച് തകര്‍ത്ത് ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അറസ്റ്റിലായവരെ ബലമായി മോചിപ്പിച്ചു. നന്നായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. മൈക്ക് കെട്ടിവച്ചാണ് കാലുവെട്ടുമെന്നും കൈ വെട്ടുമെന്നും സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പാര്‍ട്ടിക്കാരെ തൊടേണ്ടെന്ന സന്ദേശമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ജില്ലയില്‍, സ്പീക്കറുടെ മണ്ഡലത്തിലാണ് ഇത്രയും നന്ദ്യമായ സംഭവമുണ്ടായത്. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിരോധത്തിലാകുമെന്നും മറുപടി ഇല്ലാത്തതതു കൊണ്ടുമാണ് പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയിലും ലോകത്ത് എല്ലായിടത്തുമുള്ള കാര്യങ്ങളെ കുറിച്ച് മറുപടി നല്‍കിയ മുഖ്യമന്ത്രി ഈ സംഭവത്തെ കുറിച്ച് മാത്രം മിണ്ടിയില്ലന്നും വി.ഡി. സതീശൻ പറഞ്ഞു.
തലശേരി മണോളിക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് നഗ്നമായ രാഷ്ട്രീയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എഫ്.ഐ.ആര്‍ എതിരായിട്ടും പൊലീസിന് എതിരെയാണ് നടപടിയെടുത്തത്. അതുകൊണ്ടാണ് കേരളത്തില്‍ നിയമവാഴ്ച നടക്കാത്തത്. പൊലീസിന് സംരക്ഷണം നല്‍കി നിയമവാഴ്ച ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അത് ചര്‍ച്ചക്ക് എടുക്കാത്ത നടപടി അതിലേറെ ഗൗരവതരമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം ഗുണ്ടകള്‍ എന്ത് പറഞ്ഞ് പൊലീസിനെ ഭീഷണിപ്പെടുത്തിയത് അതു തന്നെയാണ് മുഖ്യമന്ത്രി തലശേരിയില്‍ നടപ്പാക്കിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു. പൊലീസിന് പോലും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ്. പച്ചമരത്തോട് ഇങ്ങനെയാണെങ്കില്‍ ഉണക്ക മരത്തോട് എങ്ങനെ ആയിരിക്കുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചാല്‍ മറുപടി ഇല്ലാത്തതു കൊണ്ടാണ് അടിയന്തര പ്രമേയം പരിഗണിക്കാതിരുന്നത്.
മുഖ്യമന്ത്രിയെ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ചെടിച്ചട്ടികൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചതിനെ രക്ഷാ പ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. തലശേരിയില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ പൊലീസിനെ ചവിട്ടി താഴെ ഇട്ടതിനും ഭീഷണിപ്പെടുത്തിയതിനും രണ്ട് എഫ്.ഐ.ആറുകളാണുള്ളത്. അത് നിയമസഭയില്‍ വായിച്ചാല്‍ മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാതെയാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പൊലീസിനെ സ്വതന്ത്രമായി ജോലി ചെയ്യാനാകാത്ത സാഹചര്യമാണുള്ളതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സര്‍ക്കാരിന് മറുപടി ഇല്ലാത്തപ്പോള്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത കീഴ് വഴക്കം സൃഷ്ടിക്കുകയാണ്. പൊലീസിനെ ക്രിമിനലുകള്‍ ആക്രമിക്കുമ്പോള്‍ സംരക്ഷിക്കേണ്ട സര്‍ക്കാരാണ് ഉദ്യോഗസ്ഥരെ ബലികൊടുക്കുന്നത്.
പൊലീസിലെ ക്രിമിനല്‍വത്ക്കരണവും രാഷ്ട്രീയവത്ക്കരണവും മറ്റൊരു തരത്തില്‍ നടക്കുന്നതിനിടയിലാണ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ആഗ്രഹത്തിന് അനുസരിച്ച് പൊലീസ് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.