ശബരിമല സ്വർണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്, ദേവസ്വം ബോർഡ് ആസ്ഥാനത്തും സംഘമെത്തി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായവരുടെ വീടുകളിൽ വ്യാപക റെയ്ഡ്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലടക്കം 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന.

തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പരിശോധനക്കെത്തിയിട്ടുണ്ട്. നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇ.ഡി പരിശോധനക്ക് എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇ.ഡി അന്വേഷണം. അതീവ രഹസ്യമായാണ് ഇഡി റെയ്ഡിനുള്ള നീക്കങ്ങൾ നടത്തിയത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വിപുലമായ റെയ്ഡ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ( പി.എം.എൽ.എ) അനുസരിച്ച് കേസിൽ ഇടപെടാൻ അവകാശമുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ പ്രതികളുമായി ബന്ധപ്പെട്ട സ്വത്തുവിവരങ്ങളെല്ലാം ശേഖരിച്ചതിന് ശേഷമാണ് 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയഡ് നടക്കുന്നത്. 

Tags:    
News Summary - Sabarimala gold robbery; ED raids houses of accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.