കൊച്ചി: ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനും ടീകോമിന് നഷ്ടപരിഹാരം നല്‍കാനുമുള്ള നീക്കം നിരവധി കാരണങ്ങള്‍ കൊണ്ട് ദുരൂഹമാണ്. ഇതു സംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പ്രതിപക്ഷത്തോട് പോലും ചര്‍ച്ച ചെയ്തില്ല. നിലവിലുള്ള കരാറുകളെ ലംഘിച്ചു കൊണ്ടാണ് ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2005-ല്‍ എം.ഒ.യു വച്ചപ്പോള്‍ അഞ്ച് വര്‍ഷം, ഏഴ് വര്‍ഷം, പത്ത് വര്‍ഷം എന്നീ കാലയളവുകളില്‍ എന്താണ് ടീകോം ചെയ്യേണ്ടെന്നതു സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. പത്ത് വര്‍ഷം കഴിയുമ്പോള്‍ 90000 പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നതായിരുന്നു ധാരണം. അഞ്ച് വര്‍ഷമാകുമ്പോള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതില്‍ നിന്നും എത്ര കുറച്ചാണോ ടീകോം നല്‍കുന്നത് അതില്‍ ഓരോ തൊഴിലിനും 6000 രൂപ നഷ്ടപരിഹരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അത്തരം വ്യവസ്ഥ പത്ത് വര്‍ഷവും ഉണ്ടായിരുന്നു.
2007 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഈ വ്യവസ്ഥകള്‍ മാറ്റി. എന്നാല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ 7, 11 വ്യവസ്ഥകള്‍ അനുസരിച്ച് എന്തെങ്കിലും വീഴ്ച ടീകോമിന്റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ സര്‍ക്കാരിന്റെ എല്ലാ മുതല്‍മുടക്കും ചെലവഴിച്ച പണവും ടീകോമില്‍ നിന്നും ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. കരാറിലെ 11.2 വ്യവസ്ഥ പ്രകാരം കരാര്‍ വ്യവസ്ഥകളില്‍ ടി കോം വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ടികോമിന് ഉത്തരവാദിത്വമുണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
2007 ല്‍ സര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ടീകോം ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. എട്ടു വര്‍ഷത്തിനിടയില്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള എന്തു സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പദ്ധതി പെട്ടന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ദുരൂഹമാണ്.
ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടീകോമിനോട് നഷ്ടപരിഹാരം ചോദിച്ചാല്‍ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തില്‍ പാസാക്കി ഭൂമി വില്‍ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഒരുകാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ല. ഭൂമി പെട്ടന്ന് വേറെ ആര്‍ക്കോ കൊടുക്കുന്നതിനു വേണ്ടിയാണ് ഈ തിടുക്കം. അതിനു വേണ്ടിയാണ് ഈ പണി മുഴുവന്‍ ചെയ്തത്. എന്തിനാണ് ടീകോമിന് പണം നല്‍കുന്നതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ആദ്യം മറുപടി പറയട്ടെ. പല മന്ത്രിമാര്‍ക്കോ കക്ഷികള്‍ക്കോ ഇതേക്കുറിച്ച് അറിയില്ല.
ഇതൊക്കെ പൊതുസമൂഹം കൂടി അറിയേണ്ടതാണ്. പദ്ധതി ഇങ്ങനെ അവസാനിപ്പിക്കാനാണെങ്കില്‍ കരാറില്‍ എന്തിനാണ് വ്യവസ്ഥകള്‍ എഴുതി വച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ച് ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നത് അംഗീകരിക്കാനാകില്ല. പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള കാരണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള ഏകപക്ഷീയമായ നീക്കം സര്‍ക്കാര്‍ പുനരാലോചിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.