കായികമേളയിലെ ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയെന്ന് വ്യാജ പ്രചരണം; അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു കണ്ടെന്ന് ആരോപിച്ച അധ്യാപകനെ അറസ്റ്റ് ചെയ്ത് പൊലീസ്. സംഭവം വ്യാജമാണെന്നും കായിക മേളയിൽ വിളമ്പിയ സാമ്പാറില്‍ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചെന്നും കലാപത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ കായികാധ്യാപകന്‍ ജിജോ ജെയിംസാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സാമ്പാറില്‍ പുഴുവിനെ കണ്ടെന്ന രീതിയിൽ ആരോപണം ഉയര്‍ന്നത്. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വിഡിയോ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ അധ്യാപകന്‍ പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പൊലീസ്. കായികമേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിലുള്ളത്.
അതേസമയം പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂർണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇത് ജീവിതത്തിൽ ഇതുവരെ ഉണ്ടാകാത്ത അനുഭവമാണെന്നും പഴയിടം മാധ്യമങ്ങളോട് വ്യക്തമാക്കി. ആദ്യദിവസം വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഭക്ഷണ കമ്മിറ്റി കണ്‍വീനറോട് സംസാരിച്ചിരുന്നുവെന്നും ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
കലോത്സവത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണിത്. ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ മനോവൈകൃതമുള്ളയാളായിരിക്കും ആരോപണം നടത്തിയയാൾ. ഇത്തരമൊരു കാര്യം ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ലെന്നും പിന്നിലെ അജണ്ട പുറത്തുകൊണ്ടുവരണമെന്നും പഴയിടം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.