അരവണ നിർമാണം: കരുതൽ ശേഖരം ഒരുക്കാൻ തടസ്സം നീങ്ങുന്നില്ല

പത്തനംതിട്ട: ശബരിമലയിൽ അരവണയുടെ കരുതൽ ശേഖരം ഒരുക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള തടസ്സം നീങ്ങുന്നില്ല. തീർഥാടനകാലം ആരംഭിക്കും മുമ്പ് 75 ലക്ഷം ടിൻ അരവണ നിർമിച്ച് സ്റ്റോക്ക് ചെയ്യാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ഇതിനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട കരാറുകൾ പലതും ഉറപ്പിച്ചുനൽകാൻ വൈകുന്നതാണ് തടസ്സമായിരിക്കുന്നത്. ഏറ്റവുമൊടുവിൽ പമ്പയിൽനിന്ന് അരിയും ശർക്കരയുമടക്കമുള്ള അവശ്യവസ്തുക്കൾ സന്നിധാനത്തേക്ക് തടസ്സം കൂടാതെ എത്തിക്കുന്ന പ്രവർത്തനങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

അരവണ നിർമാണത്തിനുള്ള അവശ്യവസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറുകളും വൈകിയിരുന്നു. കരാറായ ശേഷം ഇപ്പോൾ അരിയും, ശരർക്കരയുമൊക്കെ കരാറുകാരൻ പമ്പയിൽ എത്തിക്കുന്നുണ്ടെങ്കിലും അവിടെ നിന്ന് സന്നിധാനത്തേക്ക് എത്തിക്കുന്നതിനാണ് തടസ്സം നേരിടുന്നത്. പുതിയ കരാർപ്രകാരം ഗുണനിലവാര പരിശോധന പൂർത്തിയാക്കി പമ്പയിൽനിന്ന് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കേണ്ടത് ദേവസ്വം ബോർഡാണ്.

ട്രാക്റ്ററിലാണ് സാധനങ്ങൾ സന്നിധാനത്തേക്ക് എത്തിക്കേണ്ടത്. എന്നാൽ ഇതിനായി രണ്ട് ട്രാക്റ്ററുകൾ മാത്രമാണ് ദേവസ്വം ബോർഡിന് ഉള്ളത്. ഈ സാഹചര്യത്തിൽ സ്വകാര്യ ട്രാക്റ്ററുടെ സേവനം ആവശ്യമാണ്. ഇതിനായുള്ള ശ്രമം ദേവസ്വം ബോർഡ് നടത്തുന്നുണ്ടെങ്കിലും നിരക്ക് സംബന്ധിച്ച് ധാരണയിൽ എത്താൻ കഴിയാത്തതിനാൽ ഇതുവരെ കരാർ ഉറപ്പിച്ച് നൽകിയിട്ടില്ല. ഇൗ സാഹചര്യത്തിൽ പമ്പയിൽ എത്തിച്ച സാധനങ്ങൾകൊണ്ട് ഇവിടെയുളള ഗോഡൗണുകൾ നിറഞ്ഞിരിക്കുകയാണ്.

അതിനാൽ കരാറുകാർ സാധനങ്ങൾ എത്തിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തീർഥാടന കാലത്തേക്ക് 50 ലക്ഷം കിലോ ഗ്രാം ശർക്കര, 14 ലക്ഷം കിലോഗ്രാം ഉണക്കലരി, 40 ടൺ ചുക്ക്, 3 ടൺ ചുക്കുപൊടി, 20 ടൺ ജീരകം എന്നിവയാണ് ആവശ്യമുള്ളത്. കൽക്കണ്ടം, മുന്തിരി എന്നിവയുമായി ബന്ധപ്പെട്ട കരാറുകളും ഇതുവരെ ഒപ്പിട്ടിട്ടില്ല. തീർഥാടനകാലത്തിന് തുടക്കം കുറിച്ച് നവംബർ 16നാണ് ശബരിമലയിൽ നട തുറക്കുന്നത്. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴാഴ്ച ആരംഭിക്കും.

Tags:    
News Summary - Aravana Production: Hurdles in Stock Preparation Persist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.