‘മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്നാണ് ജീവനുള്ള പുഴുവിനെ അവർ കണ്ടെത്തിയത്, ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തരുത്’: പഴയിടം നമ്പൂതിരി

കോഴിക്കോട്: സംസ്ഥാന കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂർണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി. സംഭവത്തിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും കലോത്സവത്തിന്റെ ചരിത്രത്തിലും തന്റെ ജീവിതത്തിലും ആദ്യമായിട്ടാണ് ഇത്തരം അനുഭവമാണെന്നും പഴയിടം മാധ്യമങ്ങളോട് വ്യക്തമാക്കി.

ആദ്യദിവസം വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഭക്ഷണ കമ്മിറ്റി കണ്‍വീനറോട് സംസാരിച്ചിരുന്നുവെന്നും ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തരംതാണ രാഷ്ട്രീയമാണ് ചിലര്‍ കളിക്കുന്നതെന്നും ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും ആരോപണം നടത്തിയയാൾ. ഇത്തരമൊരു കാര്യം ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ലെന്നും പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്നും ജീവനുള്ള പുഴുവിനെയാണ് അധ്യാപകൻ എടുത്തു കാണിച്ചത്. അതെങ്ങനെ സാധിക്കുമെന്നും പഴയിടം ചോദിച്ചു. ആദ്യം ഭക്ഷണം കഴിച്ച് പിന്നീട് കുട്ടികളുമായെത്തി വീണ്ടും ഭക്ഷണം കഴിക്കുമ്പോഴാണ് പുഴുവിനെ കണ്ടെത്തിയതെന്നും ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണെന്ന് നടന്നതെന്നും പഴയിടം പറഞ്ഞു.

'ഏതൊരു പാചകക്കാരനും ഓരോ കലോത്സവങ്ങള്‍ക്കും പാചകം ചെയ്യുന്നത് എത്രമാത്രം ഭീതിയോടെയാകും. സംസ്ഥാനത്ത് ഇനിയും ധാരാളം മേളകള്‍ വരാന്‍ കിടക്കുന്നു. എങ്ങനെ ധൈര്യമായി ജോലി ചെയ്യാന്‍ പറ്റും. ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. കൃത്യമായി അന്വേഷണം നടത്തി പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണം. മാതൃകാപരമായി ശിക്ഷയും ഉറപ്പാക്കണം. കായികമേള മൂന്ന് ദിവസം കൂടിയുണ്ട്. സുരക്ഷ ശക്തമാക്കാന്‍ അധികൃതരോടും മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്', എന്നും പഴയിടം പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സാമ്പാറില്‍ പുഴുവിനെ കണ്ടെന്ന രീതിയിൽ ആരോപണം ഉയര്‍ന്നത്. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വിഡിയോ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ അധ്യാപകന്‍ പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പൊലീസ്. തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്ത് നടപടിയും പൊതു വിദ്യാഭായാസ വകുപ്പ് സ്വീകരിച്ചു.

Tags:    
News Summary - Puzhayidom Mohanran Namboodiri Denies Worm Allegations in State School Sports Meet Food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.