പ്രതീകാത്മക ചിത്രം എ.ഐ നിർമിതം

തെരുവുവിളക്കുകൾ കത്തുന്നില്ല; റീത്ത് വച്ച് കോൺഗ്രസ്, മറുപടിയുമായി എൽഡിഎഫ്; ഏരൂരിൽ എൽഡിഎഫ്, യുഡിഎഫ് പോര്

അഞ്ചൽ: ഏരൂർ ഗ്രാമഞ്ചായത്തിലെ ഹൈമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ കത്താത്തതിനെപ്പറ്റി എൽ.ഡി.എഫ്, യു.ഡി.എഫ് പോര് കനക്കുന്നു.

യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പഞ്ചായത്ത് പ്രദേശത്തെ ഹൈമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകൾ വർഷങ്ങളായി പ്രവർത്തന രഹിതമാണെന്നും ഗ്രാമപഞ്ചായത്തധികൃതർ ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നും ആരോപിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞുവയൽ, ആലഞ്ചേരി, ഭാരതീപുരം എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു.

ഇതിൽ പ്രതിഷേധിച്ചു കൊണ്ട് ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള എൽ.ഡി.എഫ് അംഗങ്ങൾ വിശദീകരണവുമായി രംഗത്തുവന്നു. സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തിന് നൽകാനുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതുമൂലമാണ് തെരുവ് വിളക്കുകളുടെ സംരക്ഷണം ഉൾപ്പെടെയുള്ള പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങൾ നടക്കാത്തതെന്നും ഈ വിഷയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച ചെയ്തിട്ടുള്ളതാണെന്നും ഇക്കാര്യങ്ങൾ കോൺഗ്രസ് അംഗങ്ങൾക്കും അറിവുള്ളതാണെന്നും എൽ.ഡി.എഫ് അംഗങ്ങളായ പ്രസിഡൻ്റ് ആതിര പ്രവീൺ, വൈസ് പ്രസിഡൻ്റ് പി. ആർ ബാലചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ അനിത ബിജു, രാജേഷ്, ബിജൂ ശ്രീക്കുട്ടി സുനിൽ എന്നിവർ പറയുന്നു.

എന്നാൽ, പഞ്ചായത്തിലെ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിന് കാരണം, കേവലം മൂന്ന് മാസത്തോളമായ യു.ഡി.എഫ് സർക്കാരിൻ്റെ മേൽ കുറ്റം ചുമത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് മറച്ചുപിടിക്കാനുള്ള ശ്രമം അപഹാസ്യമാണെന്നും എല്ലാരംഗത്തും ഗ്രാമപഞ്ചായത്ത് ഭരണസമിതി തികച്ചും പരാജയമാണെന്നും യു.ഡി.എഫും ആരോപിക്കുന്നു.

ഓണക്കാലത്ത് ഏരൂർ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ജംഗ്ഷനിലെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും നിലപാടെടുത്തതിനാൽ ഗ്രാമപഞ്ചായത്ത് ഉടനടി നടപടിയെടുത്ത് ഏരൂർ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിച്ചിരുന്നു.

ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതാണെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

Tags:    
News Summary - Eroor Panchayat Street Light Dispute: LDF and UDF Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.