സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈകീട്ട് ആറിനും 12നും ഇടയിൽ വൈദ്യുതി മുടങ്ങിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകീട്ട് ആറിനും അർധരാത്രി 12നും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവശ്യകതയിൽ നിന്ന് 500 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുമുണ്ട്.
മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതൽ 600 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, ശനിയാഴ്ച വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.