കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലേക്കുള്ള അധ്യാപകനിയമനത്തിനെതിരെ ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി. നിയമനം റദ്ദാക്കണമെന്നും റാങ്ക് പട്ടിക പുറത്തുവിടണെമന്നും ഓരോ തസ്തികയിലെയും സംവരണ വിവരം വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
15 പഠനവകുപ്പുകളിലേക്ക് കഴിഞ്ഞ ദിവസമാണ് 36 അസി. പ്രഫസർമാർക്ക് നിയമനം നൽകിയത്. അർഹതയുള്ളവരെ ഒഴിവാക്കി ഭരണപക്ഷത്തിനു താൽപര്യമുള്ളവരെ നിയമിച്ചതായി പരാതി ഉയരുന്നതിനിടെയാണ് വിഷയം ഗവർണർക്ക് മുന്നിലെത്തുന്നത്. സംവരണ നടപടികൾ സുതാര്യമാക്കാതെയുമുള്ള നിയമനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള ഒഴിവുകളോ സംവരണ തസ്തികകളോ എത്രയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സംവരണം ഏതു രീതിയിലാണെന്ന് നിയമനസമയത്തും അറിയിച്ചില്ല. സംവരണവുമായി ബന്ധപ്പെട്ട പട്ടിക സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് കൈമാറിയില്ലെന്നും പരാതിയിലുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങളുടെ സംവരണത്തിലെ ബാക്ക്ലോഗ് നികത്താനുണ്ട്. ഇവ നികത്തണമെന്ന് അടുത്തിടെയും യു.ജി.സി നിർദേശിച്ചിരുന്നു. വിവിധ സംവരണ വിഭാഗങ്ങളിലായി 29 അധ്യാപക തസ്തികകൾ ബാക്ക്ലോഗാണ്. ഭിന്നശേഷി വിഭാഗത്തിൽ നാല് ഒഴിവുകളുമുണ്ട്. ഇതു നികത്താൻ നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.