താനൂർ കസ്റ്റഡി കൊല: സി.ബി.ഐ അന്വേഷണത്തിന് തുടക്കം

തിരൂര്‍: താനൂർ കസ്റ്റഡി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം തിരൂരിലെത്തി. തിങ്കളാഴ്ച രാവിലെ 11.30ഓടെ തിരൂര്‍ റെസ്റ്റ് ഹൗസിലെത്തിയ സംഘം താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി രേഖപ്പെടുത്തി.

എന്തൊക്കെയാണ് നടന്നതെന്ന് സി.ബി.ഐ സംഘത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഹാരിസ് ജിഫ്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ അന്വേഷണ സംഘം കേസ് തെളിയിക്കുമെന്ന് വിശ്വസിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് അന്വേഷണ സംഘത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

ലഹരിവസ്തുക്കളുമായി പിടിയിലായ താമിര്‍ ജിഫ്രി താനൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിര്‍ ജിഫ്രിയുടെ ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കുകയും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസ് സർക്കാർ സി.ബി.ഐക്ക് വിട്ടത്.

പ്രതിഭാഗം ജാമ്യാപേക്ഷ പിൻവലിച്ചു

മഞ്ചേരി: താനൂർ കസ്റ്റഡി കൊലപാതക കേസ് നടപടികൾ മഞ്ചേരി ജില്ല കോടതി അവസാനിപ്പിച്ചു. കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തതോടെയാണിത്. ബുധനാഴ്ച കേസിലെ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. ഈ സമയം കേസ് സി.ബി.ഐ ഏറ്റെടുത്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതോടെ പ്രതിഭാഗം ജാമ്യാപേക്ഷ പിൻവലിച്ചു. തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്.

പ്രതികളുടെ ജാമ്യാപേക്ഷയും കേസിന്റെ തുടർനടപടികളും ഇനി എറണാകുളം സി.ബി.ഐ കോടതി പരിഗണിക്കും. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ ഡിവൈ.എസ്.പി കുമാർ റോണകിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും റിപ്പോർട്ടുകളും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സി.ബി.ഐക്ക് കൈമാറിയിരുന്നു.

കേസിലെ ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ്‌.സി.പി.ഒ ജിനേഷ് (37), രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍ (35), മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു (35), നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ (38) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതിയിലെത്തിയത്. കൊലപാതക കുറ്റം, അന്യായമായി തടവില്‍ വെക്കൽ, ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞുവെക്കൽ, മർദിച്ച് കുറ്റം സമ്മതിപ്പിക്കല്‍, ദേഹോപദ്രവം ഏൽപിക്കല്‍, ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്കേൽപിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതികളായ പൊലീസുകാർക്കെതിരെ ചുമത്തിയത്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന.

ജൂലൈ 31നാണ് ലഹരികേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ മരിച്ചു. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

Tags:    
News Summary - Tanur custodial murder: CBI investigation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.