താനൂർ: പൊലീസും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ദുരിതം വിതച്ച താനൂര്‍ ചാപ്പപ്പടി മേഖലയില്‍ ആർ.ഡി.ഒയുടെ നേതൃത്വത്തില്‍ റവന്യൂ സംഘത്തിെൻറ സന്ദര്‍ശനം. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ തുടങ്ങിയ സന്ദര്‍ശനം ഉച്ച വരെ നീണ്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു സമാധാന സമിതി അംഗങ്ങളോടൊപ്പം ആർ.ഡി.ഒ ടി.വി സുഭാഷ് തീരദേശത്തെത്തിയത്.
കണ്ണീരോടെയാണ് പൊലീസ് ഭീകരതയുൾപ്പെടെ വീട്ടമ്മമാര്‍ വിവരിച്ചത്. പൊലീസുകാര്‍ അര്‍ധരാത്രി കൂട്ടത്തോടെ വീട്ടിലേക്ക് ഇരച്ചുകയറുകയും വാതിലുകള്‍ ചവിട്ടിപ്പൊളിച്ചും തകര്‍ത്തും അകത്ത് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് കുടുംബിനികള്‍ ആർ.ഡി.ഒയെ അറിയിച്ചു.
വനിത പൊലീസിെൻറ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. തെറിയഭിഷേകം നടത്തിയാണ് വീട്ടിലുള്ളവരെ നേരിട്ടത്. കുട്ടികളെയുൾപ്പെടെ മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച സ്ത്രീകളെ പുരുഷ പൊലീസുകാര്‍ തന്നെ കൈയേറ്റം ചെയ്തു. രാഷ്ട്രീയ സംഘര്‍ഷത്തിനിടെയുണ്ടായ നഷ്്ടങ്ങളും സ്ത്രീകള്‍ ആർ.ഡി.ഒക്ക് മുന്നില്‍ വിവരിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ അമര്‍ച്ച ചെയ്ത് സ്വസ്ഥ ജീവിതത്തിന് സാഹചര്യം ഒരുക്കണമെന്നായിരുന്നു വീട്ടമ്മമാരുടെ പ്രധാന ആവശ്യം. സംഘര്‍ഷങ്ങള്‍ തുടര്ച്ചയായുണ്ടാകുന്നതിനാൽ ൈസ്വര ജീവിതം നഷ്ടമായതായി അവര്‍ ചൂണ്ടിക്കാട്ടി. പൊലീസ് പരിശോധന മൂലം വാഹനങ്ങള്‍ വരാന്‍ തയാറാകാത്തതിനാല്‍ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പോലും ആകുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
ചാപ്പപ്പടിയില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങിയത്. ആല്‍ബസാർ, ബദര്‍പള്ളി, കമ്പനിപ്പടി, ഫക്കീര്‍പള്ളി, ഒട്ടുംപുറം മേഖലകളിലെ നൂറോളം വീടുകളില്‍ റവന്യൂ സംഘം തെളിവെടുത്തു. നാട്ടുകാരോടൊപ്പം നടന്ന് അവരുടെ ആവലാതികള്‍ കേട്ട്കൊണ്ടായിരുന്നു സന്ദര്‍ശനം. നഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് സന്ദര്‍ശന ശേഷം ആർ.ഡി.ഒ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നൂറോളം വീടുകള്‍ക്കും 60 വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചതായി അദ്ദേഹം വ്യക്തമാക്കി. മോട്ടോര്‍വാഹന, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ നഷ്ടം തിട്ടപ്പെടുത്തി കണക്ക് തയാറാക്കും. വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കുന്നതിനും പ്രദേശത്ത് യാത്ര, ആരാധന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പൊലീസുമായി ചേര്‍ന്ന് നടപടികളെടുക്കുമെന്നും ആർ.ഡി.ഒ അറിയിച്ചു. തിരൂര്‍ തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, അഡീഷനല്‍ തഹസില്‍ദാര്‍ അന്‍വര്‍സാദത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. ഉണ്ണി, തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.