ജനാധിപത്യ നിലനില്‍പ്പിന് സ്വതന്ത്ര പത്രപ്രവര്‍ത്തനം അനിവാര്യം -തമ്പാന്‍ തോമസ്

കൊച്ചി: അടിയന്തരാവസ്ഥക്കാലത്തുപോലും കാണാത്ത പത്രമാരണമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്ന് പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും മുന്‍ എം.പിയുമായ തമ്പാന്‍ തോമസ്. ഭരണകൂടം മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ജനാധിപത്യ നിലനില്‍പ്പിന് സ്വതന്ത്ര പത്രപ്രവര്‍ത്തനം അനിവാര്യഘടകമാണ്.

ഡല്‍ഹിയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ മാധ്യമ ഓഫീസുകളിലെ റെയ്ഡിനും അറസ്റ്റിനും എതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തമ്പാന്‍ തോമസ്. ഭരണകൂടത്തെ വിമര്‍ശിക്കാതെ പത്രപ്രവര്‍ത്തനം എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. മുമ്പില്ലാത്തവിധം പ്രതിസന്ധികള്‍ നേരിടുമ്പോള്‍ പത്രപ്രവര്‍ത്തകരും സീനിയർ ജേണലിസ്റ്റുകളും പത്രജീവനക്കാരും ചേർന്ന് അതിനെ കൂട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ വിമര്‍ശനങ്ങളെ ഭരണകൂടം സഹിക്കുന്നില്ലെന്നും ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിക്കാതിരുന്നാല്‍ ജനാധിപത്യം തന്നെ ഇല്ലാതാകുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ടി.ജെ. വിനോദ് എം.എല്‍.എ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സി.എസ്. ഷാലറ്റ് അധ്യക്ഷത വഹിച്ചു.

പ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി ഷജില്‍ കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍, കെ.എന്‍.ഇ.എഫ് സംസ്ഥാന സെക്രട്ടറി വിജി മോഹന്‍, സീനിയര്‍ ജേണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് കെ.കെ. ഗോപാലന്‍, സെക്രട്ടറി വി.ആര്‍. രാജമോഹന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് നിർവാഹക സമിതി അംഗം ബൈജു ഭാസി നന്ദി പറഞ്ഞു.

Tags:    
News Summary - Tampan Thomas wants newspapers to be able to beat even the state of emergency in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.