കൊല്ലങ്കോട്: അതിർത്തി പ്രദേശങ്ങളിലെ തമിഴ് മീഡിയം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കണമെന്ന് രക്ഷിതാക്കൾ. സർക്കാർ തലത്തിൽ വിക്ടേഴ്സ് ചാനലിലൂടെ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറിതലം വരെ പാഠഭാഗങ്ങൾ ഓൺലൈനിലൂടെ സർക്കാർ സംപ്രേഷണം ആരംഭിച്ചപ്പോൾ ജില്ലയിലെ അതിർത്തിയോട് ചേർന്നുകിടക്കുന്ന വിദ്യാലയങ്ങളിലെ 60 ശതമാനത്തിലധികം തമിഴ് മീഡിയം വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ഓൺലൈനിലൂടെ ലഭിക്കാത്തത് ദുരിതമായി.
മുതലമട, പെരുമാട്ടി, എരുത്തിയാമ്പതി, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, വേലന്താവളം, ചിറ്റൂർ തുടങ്ങിയ പ്രദേശങ്ങളിലെ തമിഴ് മീഡിയം വിദ്യാർഥികൾക്ക് തമിഴ് ഓൺലൈൻ പാഠഭാഗങ്ങൾ ചാനലിലൂടെ പ്രക്ഷേപണം ചെയ്തില്ല. ഒരാഴ്ചക്കകം വിക്ടേഴ്സ് ചാനലിൽ തമിഴ് മീഡിയം വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു.
സന്നദ്ധരായി അധ്യാപകർ
മുതലമട: തമിഴ് പാഠഭാഗങ്ങൾ എടുക്കാൻ മുതലമട എം. പുതൂർ മഹാഗണപതി എൽ.പി സ്കൂൾ അധ്യാപകർ തയാറെടുക്കുന്നു. വിദ്യാലയത്തിലെ നൂറിലധികം വിദ്യാർഥികൾക്കാണ് വാട്സ്ആപ് ഗ്രൂപ്പിലൂടെ തമിഴ് ക്ലാസുകൾ എടുക്കാൻ അധ്യാപകർ മുന്നോട്ടുവന്നത്. മുതലമട മഹാഗണപതി എൽ.പി സ്കൂളിൽ എൽ.പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിക്കുകയും ഇവയിലൂടെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലൂടെ കുട്ടികൾക്കായി പാഠഭാഗങ്ങൾ ഓൺലൈനിലൂടെ എടുത്ത് വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സംവിധാനമാണ് ആരംഭിച്ചതെന്ന് തമിഴ് അധ്യാപിക ബി. സുനിത പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിലെ മിക്ക രക്ഷിതാക്കൾക്കും സ്മാർട്ട് ഫോൺ ഇല്ലാത്തതും ടെലിവിഷൻ ഇല്ലാത്തതും തമിഴ് മീഡിയം വിദ്യാർഥികളുടെ ഓൺലൈൻ പഠനം പ്രതിസന്ധിയിലാക്കുമെന്നതിനാൽ പൊതു ടെലിവിഷൻ കിയോസ്കുകൾ ആദിവാസി പിന്നാക്ക കോളനികളിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.