ഭിക്ഷാടന മാഫിയയില്‍നിന്ന് രക്ഷപെടുത്തിയ വേല്‍മുരുകനും രാജയും ജോസ് മാവേലിയൊടൊപ്പം ആലുവയില്‍ തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ മന്ത്രി ജിന്‍ജി കെ.എസ്. മസ്താനെ സന്ദര്‍ശിച്ചപ്പോള്‍
ആലുവ: ജനസേവ ശിശുഭവനിലെ മുന്‍ അന്തേവാസികളായ വേല്‍മുരുകന്റെയും രാജയുടെയും കഥകേട്ട തമിഴ്‌നാട് മന്ത്രി സങ്കടപ്പെട്ടു. തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി ജിന്‍ജി കെ.എസ്. മസ്താനാണ് ആലുവയിലെത്തിയപ്പോള്‍ ജനസേവയെപ്പറ്റി കേട്ടതും വേലുവിനെയും രാജയെയും ജനസേവ സ്ഥാപകന്‍ ജോസ് മാവേലിയോടൊപ്പം നേരിട്ട് കണ്ടതും.
ഭിക്ഷാടന മാഫിയയില്‍നിന്ന് ജനസേവ അവരെ രക്ഷപെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും രണ്ടുപേരെയും ബാങ്കുദ്യോഗസ്ഥരാക്കിയെന്നുമുള്ള സന്തോഷം മന്ത്രിയെയും പത്‌നിയെയും കണ്ണീരണിയിച്ചു. വേലു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അങ്കമാലി ബ്രാഞ്ചിലും രാജ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിലുമായി ജോലി ചെയ്യുന്നു. അവരെ ഈ നിലയിലെത്തിച്ച ജനസേവയെയും മന്ത്രി പുകഴ്ത്തി. പൗരാവകാശ സംരക്ഷണ സമിതി ആലുവയില്‍ സംഘടിപ്പിച്ച ബ്ലഡ് ഡോണേഴ്‌സ് ഫോറം വാര്‍ഷിക സമ്മേളനത്തില്‍വച്ചാണ് മന്ത്രിയുമായി വേലുവും രാജയും കണ്ടുമുട്ടിയത്.
നന്നേ ചെറുപ്പത്തില്‍ ഭിക്ഷാടന മാഫിയയുടെ പിടിയില്‍പെട്ട് കേരളത്തിലെത്തിയ തങ്ങളെ അന്വേഷിച്ച് ഇതുവരെ ആരും ജനസേവയിലെത്തിയില്ലെന്നും ആദ്യമായാണ് സ്വന്തം സംസ്ഥാനത്തില്‍നിന്ന് അധികാരസ്ഥാനത്തുള്ള ഒരാളുമായി സംസാരിക്കാന്‍ കഴിഞ്ഞതെന്നും വേലുവും രാജുവും പറഞ്ഞു. തങ്ങളെക്കൂടാതെ ജനസേവ തമിഴ്‌നാട് സ്വദേശികളായ നൂറിലധികം പിഞ്ചുബാല്യങ്ങളെ തെരുവിലെ ക്രുരതകളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നും അവര്‍ മന്ത്രിയെ അറിയിച്ചു.
തങ്ങളെപ്പോലെ നിരവധി കുട്ടികള്‍ ഭിക്ഷാടന-ലഹരി മാഫിയകളാല്‍ ഇന്നും നശിപ്പിക്കപ്പെടുന്നുണ്ടെന്നും അവരെയുംകൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ മന്ത്രിയെന്ന നിലയില്‍ അങ്ങ് ഇടപെടണമെന്നും അവര്‍ മന്ത്രിക്ക് നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 2003 ഏപ്രില്‍ മൂന്നിന് ആലുവയില്‍ ശരീരമാസകലം 70 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ആലുവ ഗവ. ആശുപത്രിയിലെത്തിച്ച വേല്‍മുരുകനെ ഡോ. വിജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോസ് മാേവലി ചികിത്സക്കായി ഏറ്റെടുത്തത്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചാല്‍ കുട്ടിയെ രക്ഷപെടുത്താനാകുമെന്ന അദ്ദേഹത്തിന്റെ വാക്കനുസരിച്ചാണ് പണമേറെ ചെലവഴിച്ച് േവലുവിനെ എറണാകുളത്ത് എത്തിച്ച് ചികിത്സിച്ചത്. പിന്നീട് അലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലുമായി ഒരു വര്‍ഷം നീണ്ട ചിത്സയ്‌ക്കൊടുവില്‍ വേലുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായതെന്ന് ജോസ് മാവേലി പറഞ്ഞു. ഭിക്ഷാടനത്തില്‍നിന്ന് പറഞ്ഞ പണം പിരിച്ചെടുക്കാഞ്ഞതില്‍ കുപിതനായ ഭിക്ഷാടന മാഫിയ തലവനാണ് വേലുവിനെ പെട്രോളോഴിച്ച് കത്തിച്ചത്.
വേലു ഇന്ന് വിവാഹിതനും മൂന്നുവയസുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ്. 2002 ഡിസംബര്‍ 20നാണ് തമിഴ്‌നാട് സേലം സ്വദേശിയായ രാജയെ ജനസേവ സംരക്ഷണത്തിനായി ഏറ്റെടുത്തത്. ഭിക്ഷാടന മാഫിയയുടെ ശാരീരിക പീഢനത്താല്‍ തളര്‍ന്ന് അവശനായി വടക്കാഞ്ചേരി ബസ്റ്റാന്റില്‍ നിന്ന് രക്ഷപെടുത്തി സാമൂഹ്യപ്രവര്‍ത്തകരാണ് രാജയെ അന്ന് ജനസേവയിലെത്തിച്ചത്. ജനസേവയിലെ സംരക്ഷണയില്‍ സുഖം പ്രാപിച്ച രാജ സാവധാനം ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ഇരുവരും പഠനത്തോടൊപ്പം കായികരംഗത്തും മികവു പുലര്‍ത്തുകയും ഫുട്‌ബാള്‍ മത്സരങ്ങളടക്കം സബ്ജൂണിയര്‍-ജൂണിയര്‍ തലങ്ങളില്‍ ജില്ലാടീമില്‍ ഇടം നേടുകയും രാജ ടീം ക്യാപ്റ്റന്‍ സ്ഥാനം വരെ വഹിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുവയസുള്ള മകനുമായി രാജയും ഇന്ന് കുടുംബസമേതം സന്തോഷമായി കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.