തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് കേരളത്തിൽനിന്നൊരു പരാതി; ദിവസങ്ങൾക്കകം മദനൻ മാഷിന് മറുപടി

കണ്ണൂർ: കേരളത്തിൽനിന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് ഒരു പരാതി പോയി. പരാതി സി.എം ഓഫിസിൽ ലഭിച്ച് രണ്ടാഴ്ച തികഞ്ഞില്ല, മറുപടിക്കത്ത് തലശ്ശേരി മഠത്തുംഭാഗത്തെ മദനൻ മാഷിന് രജിസ്ട്രേഡ് പോസ്റ്റലായി വന്നു. അണ്ണാമലൈ സർവകലാശാലയിൽനിന്ന് വിദൂര വിദ്യാഭ്യാസം വഴി നേടിയ ബിരുദാനന്തര ബിരുദത്തിന് യു.ജി.സി അംഗീകാരം സംബന്ധിച്ച് ആയിരക്കണക്കിന് വിദ്യാർഥികളിൽ ആശങ്കയുണ്ടായിരുന്നു.

അംഗീകാരത്തെ സംബന്ധിച്ച് യു.ജി.സി ഇറക്കിയ സർക്കുലറിൽ പറയുന്നത് യു.ജി.സിയുടെ അനുമതി വാങ്ങാതെയാണ് ഇക്കാലയളവിൽ സംസ്ഥാനത്തിനകത്തും പുറത്തും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ച് ബിരുദം നൽകിയിരുന്നത്. അതിനാൽ 2015 മുതൽ 2022വരെയുള്ള വിദൂര പഠനം വഴി നേടിയ ബിരുദങ്ങൾക്ക് അംഗീകാരം നൽകാൻ തയാറായില്ല. ഇതിനെതിരെ യൂനിവേഴ്‌സിറ്റി മദ്രാസ് ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ വിദ്യാർഥികളുടെ ഭാവി പരിഗണിച്ച് ഇതുവരെ നൽകിയ ബിരുദങ്ങൾക്ക് അംഗീകാരം നൽകണമെന്ന് വിധിയുണ്ടായി. എന്നാൽ, കേരളത്തിൽ ഉൾപ്പെടെ യൂനിവേഴ്സിറ്റികൾ തുല്യത സർട്ടിഫിക്കറ്റ് നൽകാൻ തയാറായിരുന്നില്ല.

അത് വിദ്യാർഥികളുടെ ഉന്നതപഠനത്തെയും സർവിസിൽ പ്രവേശിച്ചവരുടെ പ്രമോഷനെയും ബാധിച്ചു. അതിനിടെ, തമിഴ്നാട് മുഖ്യമന്ത്രിയുടെ പരാതി സെല്ലിൽ ഇതുസംബന്ധിച്ച പരാതി നൽകി. പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിച്ച് അണ്ണാമലൈ യൂനിവേഴ്‌സിറ്റി വിദൂര വിഭാഗം ഡയറക്ടർക്ക് കൈമാറുകയും ഓപൺ-വിദൂര വിദ്യാഭ്യാസം വഴി നൽകുന്ന എല്ലാ ബിരുദ-ബിരുദാനന്തര ബിരുദങ്ങൾക്കും അംഗീകാരമുണ്ടെന്ന മറുപടിയും പരാതിക്കാരനായ മദനൻ മാഷിന് രജിസ്‌ട്രേഡ് പോസ്റ്റിൽ ലഭിക്കുകയുമായിരുന്നു.

കേരളത്തിൽനിന്നുള്ള ഒരു വിദ്യാർഥിയുടെ പരാതിയിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ മറുപടി ലഭിച്ചതിൽ മാഷ് ഹാപ്പിയാണ്. കൂടാതെ, ഇത് നൂറുകണക്കിന് വിദ്യാർഥികൾക്ക് ഉപകാരപ്പെടുകയും ചെയ്യും. യൂനിവേഴ്സിറ്റി വ്യക്തത വരുത്തിയ സാഹചര്യത്തിൽ തുല്യത സർട്ടിഫിക്കറ്റിനുവേണ്ടി ഹൈകോടതി വിധിയുമായി കേരളത്തിലെ യൂനിവേഴ്സിറ്റികളെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികൾ.

Tags:    
News Summary - Tamil Nadu Chief Minister Receives Complaint from Kerala; Madan Master Gets Prompt Reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.