മോഡിഫിക്കേഷന് മുട്ടൻപണി! ഓരോ അനധികൃത മാറ്റത്തിനും 5000 വീതം പിഴ; പരിശോധന കര്‍ശനമാക്കുമെന്ന് എം.വി.ഡി

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ ഈടാക്കും. പിഴ ചുമത്തിയ വാഹനങ്ങൾ മോഡിഫിക്കേഷന്‍ ഒഴിവാക്കി വീണ്ടും ഹാജരാക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ ഹൈകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിയമം കർക്കശമാക്കാൻ വകുപ്പ് ഒരുങ്ങുന്നത്.

കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ അനധികൃത മോഡിഫിക്കേഷനില്‍ എടുത്ത നടപടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാ ആര്‍ടിഓമാരും സെപ്റ്റംബര്‍ മൂന്നിനകം അറിയിക്കണമെന്ന് ഗതാഗത കമ്മീഷണറേറ്റ് അറിയിച്ചു. ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി അടുത്ത മാസം ഏഴിന് അറിയിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.

റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി. ഇനിയുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എംവിഡി അറിയിച്ചു.

ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈകോടതി ആവശ്യ​​പ്പെട്ടിരുന്നു. അടൂരിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്ത സംഭവം പരിശോധിച്ചായിരുന്നു കോടതിയുടെ നിർദേശം.

ആഗസ്റ്റ് അഞ്ചിന് രാവിലെ 11.50ന് അടൂർ ജനറൽ ആശുപത്രിക്ക് സമീപംവെച്ചാണ് ജീപ്പിന് പിഴയിട്ടത്. ഇതിന്റെ പേരിൽ അടൂർ എം.വി.ഡി. സ്‌ക്വാഡ് എ.എം.വി.ഐമാരായ ബി.എസ്. ലൈജു, എം. ഷമീർ എന്നിവരെയാണ് സസ്​പെൻഡ് ചെയ്തത്. എന്നാൽ, ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, വാഹനത്തിന് ചുമത്തിയ പിഴ പോരെന്നും ചൂണ്ടിക്കാട്ടി. ആറ് അനധികൃത ലൈറ്റുകൾക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ നൽകണമെന്ന് കോടതി നിദേശിച്ചു.

അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും പൊലീസും എംവിഡിയും കർശന നടപടി എടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചു.

മോട്ടോർ വെഹിക്കിൾ റൂളിൽ പറയുന്നതിനപ്പുറത്തേക്ക് ഒരു മോഡിഫിക്കേഷനും അനുവദിക്കാൻ കഴിയില്ല. നിയമലംഘനങ്ങൾ കോടതി സ്വമേധയാ പരിശോധിച്ചുകൊണ്ടാണ് നടപടി. വീതികൂടിയ ടയറുകൾ ഇട്ട് വാഹനം ഓടിക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്. ഇത് വലിയതോതിൽ ചെളിതെറിപ്പിക്കാനും മറ്റ് അപകടങ്ങൾ ഉണ്ടാക്കാനും കാരണമാകും. തീ തുപ്പുന്ന പുകക്കുഴൽ ഒരു കാരണവശാലും അനുവദിക്കരുതെന്നും കോടതി ആവശ്യ​​പ്പെട്ടു. തീ തുപ്പുന്നതിനു വേണ്ടി പ്രത്യേകം പെട്രോൾ കിറ്റ് അടക്കം വാഹനത്തിൽ ഘടിപ്പിക്കുന്നത് വലിയ അപകടം ഉണ്ടാക്കും. ആ വാഹനത്തിന് മാത്രമല്ല പിന്നിൽ വരുന്നവർക്കും അപകടം സൃഷ്ടിക്കും. മോട്ടോർ വാഹന വകുപ്പിനും പൊലീസിനും ഇതുസംബന്ധിച്ച് കോടതി നിർദേശം നൽകിയിട്ടുണ്ട്.


Tags:    
News Summary - Rs 5000 fine for each illegal modification, MVD to tighten inspections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.