കിർത്താഡ്സ് റിപ്പോർട്ടിന്റെ ഇരകൾ; പാലക്കാട്ടെ എരവാലർ വിഭാഗത്തിന് ഇത്തവണയും കണ്ണീരോണം

കൊല്ലങ്കോട്: ജാതിനിർണയത്തിലെ ആശയക്കുഴപ്പവും പട്ടികവർഗ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടലും കാരണം എരവാലൻ വിഭാഗങ്ങളുടെ ജീവിതം കടുത്ത ദുരിതത്തിൽ. മുമ്പ് പട്ടികവർഗ വിഭാഗത്തിലുണ്ടായിരുന്ന ഇവർക്ക്, കിർത്താഡ്സിന്റെ പഠനറിപ്പോർട്ട് സർക്കാറിന് നൽകിയതോടെയാണ് സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയത്. ഇത് മൂലം ഭവനപദ്ധതികളിൽ പോലും ഇടംനേടാനാകാതെ ചോർന്നൊലിക്കുന്ന കുടിലുകളിൽ കഴിയേണ്ട ഗതികേടിലാണ് ഈ ജനവിഭാഗം.

കൊല്ലങ്കോട് പഞ്ചായത്തിലെ പുത്തൻപാടം, പറത്തോട്, തോട്ടം എന്നീ സങ്കേതങ്ങളിലാണ് സർക്കാർ ഭവന പദ്ധതികൾ പൂർണമായി അന്യമായിരിക്കുന്നത്. കൂടാതെ കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ ചാത്തൻപാറ, മാത്തൂർ കളം, കല്ലേരിപൊറ്റ, കൊട്ടകുറിശ്ശി, വേങ്ങപ്പാറ, നെന്മേനി, മരുതി, കൊടുവാൾപ്പാറ, കരോട്ട്പാറ, ചേപ്പലോട്, ആമൂർ, പയ്യല്ലൂർ ലക്ഷംവീട് തുടങ്ങിയ ഊരുകളിലും സമാനമായ അവസ്ഥയാണ്. ഇവിടെയുള്ള എരവാലൻ വിഭാഗക്കാരുടെ ഭവനം, റോഡ്, വെളിച്ചം, ശുദ്ധജലം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഇന്നും ചോദ്യചിഹ്നമായി തുടരുന്നുവെന്ന് പറത്തോട് സങ്കേതവാസികൾ പറയുന്നു.

പട്ടികവർഗ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലങ്കോട് വില്ലേജ് ഓഫിസിന് മുന്നിൽ 200 ദിവസത്തിലധികം ഇവർ കുടിൽകെട്ടി സമരം നടത്തിയിട്ടും ഫലമുണ്ടായില്ല. സമരത്തിന്റെ ഭാഗമായി കിർത്താഡ്സ് സംഘം കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിലെ 16 ഊരുകൾ സന്ദർശിക്കുകയും 111 ഊരുനിവാസികളുടെ കുടുംബങ്ങളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. വംശവൃക്ഷാവലി തയാറാക്കി ഓരോ കുടുംബത്തിന്റെയും വിവരങ്ങൾ ഒത്തുനോക്കി അന്തിമ പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചെങ്കിലും അർഹമായ പട്ടികവർഗ സർട്ടിഫിക്കറ്റ് ഇനിയും ലഭിച്ചിട്ടില്ലെന്ന് പറത്തോട് കോളനിവാസി മുരുകൻ വേദനയോടെ പറയുന്നു.

തങ്ങളുടെ മുത്തച്ഛന്റെ മറ്റു മക്കൾക്കും ചെറുമക്കൾക്കും മുതലമട, പട്ടഞ്ചേരി പഞ്ചായത്തുകളിൽ പട്ടികവർഗ സർട്ടിഫിക്കറ്റ് നൽകുമ്പോൾ, തങ്ങൾക്ക് മാത്രം ഇത് നിഷേധിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. പട്ടയമുൾപ്പെടെ ലഭിക്കാത്തതിനാൽ പറത്തോട് ഉൾപ്പെടെയുള്ള സങ്കേതങ്ങളിൽ വസിക്കുന്നവർക്ക് കുടിൽകെട്ടി വസിക്കേണ്ട ദയനീയ അവസ്ഥയാണ് ഉള്ളത്. മുൻ ഗവർണർ കുമ്മനം രാജശേഖരൻ കോളനികൾ സന്ദർശിക്കുകയും വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ആ വാഗ്ദാനവും പാലിക്കപ്പെട്ടില്ല.

ഓലക്കുടിലുകളിൽ കഴിയുന്ന എരവാലരുടെ വികസനം ജാതിനിർണയത്തിന്റെ പേരിൽ തടസ്സപ്പെട്ടത് അവരുടെ മക്കളുടെ തുടർപഠനത്തെയും ജോലിയെയുമാണ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനൽകിയതിനെത്തുടർന്ന് പറത്തോട് സങ്കേതത്തിലേക്ക് റോഡ് സാധ്യമായെങ്കിലും മെറ്റലിങ്ങും ടാറിങ്ങും ഇനിയും നടന്നിട്ടില്ല. ഓരോ ഓണം വരുമ്പോഴും റോഡും വീടും ശരിയാകുമെന്ന പ്രതീക്ഷയർപ്പിക്കുന്ന എരവാലൻ വിഭാഗം, ഈ ഓണത്തിനൊപ്പമെങ്കിലും തങ്ങളുടെ ദുരിതങ്ങൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ്.

Tags:    
News Summary - Kirtadas Report Victims: Eravallar Facing Tears on Another Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.