കർണാടക: കർണാടകയിലെ ഏറ്റവും ഉയരമുള്ള കൂർക് പർവതത്തിലേക്കുള്ള ട്രെക്കിങ്ങുകളിൽ ഒന്നാണ് തടിയന്റമോൾ ട്രെക്ക്. കുടക് ജിലയിലെ ഏറ്റവും ഉയരം കൂടിയ മലയാണ് തടിയന്റമോൾ (Tadiandamol). സമുദ്രനിരപ്പിൽനിന്ന് 1,748 മീറ്റർ (5,741 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്‌നേഹിയെയും സാഹസികത തേടുന്നവരെയും മറക്കാനാവാത്ത ഓർമകൾ സമ്മാനിക്കുന്ന ട്രെക്കിങ്ങാണ് ഇവിടെയുള്ളത്. മലക്ക് മുകളിൽ നിന്നുള്ള പശ്ചിമഘട്ടത്തിന്റെ കാഴ്ച വിരുന്നാണിവിടെ.
ചവിട്ടിമെതിക്കപ്പെട്ട വനപാതകൾ, മൂടൽമഞ്ഞിന്റെ ദൃശ്യങ്ങൾ, പനോരമ കാഴ്ചകളും പ്രകൃതി സ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. തുടക്കക്കാർക്കും പരിചയസമ്പന്നരായ ട്രെക്കിങ്ങ് പ്രേമികൾക്കും അനുയോജ്യമായ ഇഷ്ട പ്രദേശം കൂടിയാണിത്. ഇടതൂർന്ന വനവും സ്ഫടിക തെളിഞ്ഞ അരുവിയും തുറന്ന പുൽമേടുകൾ എന്നിവയാണ് പ്രദേശത്തെ അതിമനോഹരമാക്കുന്നത്. ഇതിനാലാണ് തടിയന്റമോൾ മലയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ്ങ് പാതകളിൽ ഒന്നാക്കി മാറ്റുന്നത്. സമൂഹികമാധ്യമങ്ങളിൽ മലനിരകളുടെ ദൃശ്യങ്ങൾ റീലുകളായി പ്രചരിക്കുന്നുണ്ട്.
സമീപ ഗ്രാമമായ കക്കബെയിൽനിന്നോ നൽനാട് കൊട്ടാരത്തിന് സമീപത്ത് നിന്നോ ആണ് ട്രെക്കിങ്ങ് ആരംഭിക്കുക. ഏകദേശം 12-14 കിലോമീറ്ററാണ് പോയി വരാനുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്ന് ടിക്കറ്റ് എടുത്താണ് ഇവിടെക്കുള്ള പ്രവേശനം. ഒരാൾക്ക് 100 രൂപ മുതൽ 250 രൂപ വരെയാണ് ഫീസ്. ഭാഗികമായ വനമേഖലയിലൂടെയും ചോലക്കാടുകളിലൂടെയുമാണ് മല മുകളിലേക്കുള്ള വഴി.
ചരിത്ര പ്രസിദ്ധമായ നൽനാട് കൊട്ടാരം ഈ മലയുടെ അടിവാരത്താണ്. 1792 ൽ ദൊഡ്ഡ വീരരാജേന്ദ്ര പണികഴിപ്പിച്ചതാണ് കൊട്ടാരം. ട്രെക്കിങ്ങ് ആരംഭിക്കുന്നതും ഈ കൊട്ടാരത്തിന് സമീപം നിന്നാണ്. മടിക്കേരി ഗ്രാമത്തിൽനിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരത്താണ് ഈ പ്രദേശം. കുടകിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടി പുഷ്പഗിരിയാണ്. തടിയന്റമോൾ എന്ന വാക്കിന് കൊടവ ഭാഷയിൽ 'ഏറ്റവും വലിയ മല' എന്നാണ് അർത്ഥം. കർണാടകയിലെ ഉയരം കൂടിയ കൊടുമുടികളിൽ മുല്ലയ്യനഗിരിക്കും കുദ്രേമുഖത്തിനും പിന്നിലായി മൂന്നാം സ്ഥാനമാണ് തടിയന്റമോളിനുള്ളത്. ഏകദേശം 12 കിലോമീറ്റർ നീളുന്ന ഒരു ട്രെക്കിങ്ങ് അഞ്ചു മുതൽ ആറു മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കുന്നത്.
രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് സന്ദർശന സമയം. പച്ചപ്പും ചോലക്കാടുകളും നീരുറവകളുമുള്ള പ്രകൃതി. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളിൽ ഇവിടെനിന്ന് അറബിക്കടൽ വരെ കാണാനാക്കുമെന്നാണ് പ്രദേശവാസികളുടെ അവകാശവാദം. കൊടവ വംശജരുടെ ആരാധനാ കേന്ദ്രമായ ക്ഷേത്രവും മലനിരക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നൽനാട് കൊട്ടാരത്തിൽനിന്ന് ഏകദേശം 15 കിലോമീറ്റർ ദൂരത്തിൽ വെള്ളച്ചാട്ടവുമുണ്ട്. മൺസൂണിന് ശേഷമുള്ള സമയത്താണ് (ഡിസംബർ മുതൽ മെയ് വരെ) ഇവിടെക്കുള്ള സന്ദർശനം.
തടിയന്‍റമോൾ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം കൂടുതലാണ്. കാട്ടാനകൾ കൂടുതലായി ഉള്ളതിനാൽ ട്രെക്കിങ്ങിന് എത്തുന്നവരോട് ഒറ്റക്ക് പോകരുതെന്നും ഗ്രൂപ്പുകളായി മാത്രം യാത്ര ചെയ്യണമെന്നും വനംവകുപ്പ് കർശന നിർദേശം നൽകാറുണ്ട്. അപൂർവ്വമായി കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, കാട്ടുപന്നി, മാൻ, എന്നിങ്ങനെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും ഇവിടെ കാണാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.