വി.ടി ബൽറാം, ടി.സിദ്ദിഖ്
നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റിയതിൽ പ്രതിഷേധം അറിയിച്ച് ടി.സിദ്ദിഖ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭാവിയിൽ കുട്ടികൾ പഠിക്കാൻ പോകുന്നത് 2014 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നും മോദി രാഷ്ട്രപിതാവ് എന്നുമാവും എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനം. ചരിത്രത്തിൽ നിന്ന് നെഹ്രുവിനെ മായിച്ചു കളയാം എന്ന സ്വപ്നം നടക്കാൻ പോകുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
'നെഹ്രു എന്ന് കേൾക്കുമ്പോൾ തന്നെ മോദിക്കും ബി.ജെ.പിക്കും ഭയം ഇരച്ച് കയറുകയാണ്. ചരിത്രത്തിൽ നിന്ന് നെഹ്രുവിനെ മായിച്ചു കളയാം എന്ന സ്വപ്നവുമായി നടക്കുന്നവരോടാണ്. ആ സ്വപ്നം നടക്കാൻ പോകുന്നില്ല. ഇന്ത്യയുടെ ഓരോ ശ്വാസത്തിലും നെഹ്രു ഉണ്ട്… അത് മായിക്കാനാവില്ല. ഭാവിയിൽ കുട്ടികൾ പഠിക്കാൻ പോകുന്നത് 2014 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നും മോദി രാഷ്ട്രപിതാവ് എന്നുമാവും. അങ്ങനെ സംഭവിക്കാതിരിക്കാൻ ജനങ്ങൾ രാജ്യത്തിന് കാവലിരിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണിപ്പോൾ ഉയർന്ന് വന്നിരിക്കുന്നത്. അരുണാചലിൽ ചൈന പേര് മാറ്റുമ്പോൾ “പേര് മാറ്റിയാൽ യാഥാർത്ഥ്യം മാറില്ല…” എന്നാണ് ചൈനയോട് കേന്ദ്ര സർക്കാർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അത് തന്നെയാണ് നിങ്ങളോട് ഞങ്ങൾക്കും പറയാനുള്ളത്…പേര് മാറ്റിയാൽ യാഥാർത്ഥ്യം മാറില്ല.' സിദ്ദിഖിന്റെ പോസ്റ്റിൽ പറയുന്നു.
അതേസമയം പേരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാമും രംഗത്ത് എത്തി. പേരുമാറ്റം ശുദ്ധ തോന്ന്യാസമാണെന്നും സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
'ഈ തീരുമാനത്തിന് കയ്യടിക്കുന്നവരുണ്ടാവും. ചരിത്രവിഹീനരായ അത്തരക്കാർ ആ പണി ഇനിയും തുടരുമെന്നുമറിയാം. എന്നിരുന്നാലും ഒരിന്ത്യാക്കാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം കൃത്യമായി പറയട്ടെ, ഇത് ശുദ്ധ തോന്ന്യാസമാണ്. സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക, അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന്, ഇന്ത്യൻ ജനതയുടെ ഓർമ്മകളിൽ നിന്ന് ഒരിക്കലും മായ്ച്ചുകളയാൻ പറ്റാത്ത ഒരു പേരാണ് ജവഹർലാൽ നെഹ്‌റു എന്നത്.' ബൽറാം പോസ്റ്റിൽ പറഞ്ഞു.
കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര 1972ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും വികസനത്തിന് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്‌റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്. 1987-88ൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര. മേരാ യുവഭാരത് എന്നാണ് നെഹ്റു യുവ കേന്ദ്രക്ക് സർക്കാർ നൽകിയിരിക്കുന്ന പുതിയ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.