കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയത് കേരള സമൂഹത്തിന് സ്വീകാര്യമല്ലാത്ത ശിക്ഷാവിധിയാണെന്നും അതുകൊണ്ടുതന്നെ താനും സ്വീകരിക്കുന്നില്ലെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി.
തന്‍റെ വക്കാലത്തിന്‍റെ കാലാവധി കഴിയുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. ഗൂഢാലോചനയുടെ സൂത്രധാരനെ വെറുതെവിട്ട് മറ്റ് പ്രതികളെ ശിക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടിയെ അർധരാത്രി പിച്ചിച്ചീന്തിയവരോടാണ് അവരുടെ പ്രായവും കുടുംബവുമെല്ലാം പരിഗണിച്ച് സഹതാപം കാണിക്കുന്നത്. കോടതിയലക്ഷ്യമാകും എന്നതുകൊണ്ടും അപ്പീൽ പോകുമ്പോൾ അതിജീവിതക്ക് പ്രശ്നമാകും എന്നതുകൊണ്ടും കൂടുതൽ പ്രതികരിക്കുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെയല്ലാതെ കേരളീയ സമൂഹം ഈ വിഷയത്തിൽ വേണ്ടവിധം പ്രതികരിച്ചിട്ടില്ലെന്നും മിനി കുറ്റപ്പെടുത്തി.
കേസിലെ പ്രതികൾക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ഉമ തോമസ് എം.എൽ.എ പ്രതികരിച്ചു. ഇത്രയുംനാൾ പോരാടിയ അതിജീവിതക്ക് കോടതിയിൽനിന്ന് അതിനുള്ള മറുപടിപോലും ലഭിച്ചില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിധി സമൂഹത്തിന് സന്ദേശം നൽകുന്നതാകണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് നൽകിയത്. ക്രിമിനൽ ഗൂഢാലോചനയാണ് സംഭവത്തിനുപിന്നിൽ നടന്നതെന്നും ഉമ തോമസ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുടെ വിധിയില്‍ തൃപ്തിയില്ലാതെ പ്രോസിക്യൂഷന്‍. കോടതിയില്‍നിന്ന് പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ശിക്ഷാവിധിക്ക് പിന്നാലെ അഡ്വ. അജകുമാര്‍ പ്രതികരിച്ചു. വിധിയില്‍ നിരാശനാണെന്നും കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷമെന്നും വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികളെയും 20 വർഷം കഠിന തടവിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷിച്ചത്. ശിക്ഷിച്ചു. പള്‍സര്‍ സുനി എന്ന എന്‍.എസ്. സുനില്‍ (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരാണ് പ്രതികൾ. 50,000 രൂപ പിഴയും അടക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അതിജീവിതക്ക് അഞ്ചു ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി സുനിലിന് ഐ.ടി ആക്ട് പ്രകാരം അഞ്ചു വർഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. എന്നാൽ, ഇത് 20 വർഷത്തെ കഠിന തടവിനൊപ്പം അനുഭവിച്ചാൽ മതി. ആറു പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്ക് താൽക്കാലിക അന്ത്യം കുറിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്. കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. റിമാന്‍ഡ് തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. പൾസർ സുനി ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ ബാക്കി പന്ത്രണ്ടര വർഷം കൂടി തടവ് അനുഭവിച്ചാൽ മതി. രണ്ടാം പ്രതി മാര്‍ട്ടിൻ 13 വര്‍ഷം തടവില്‍ കഴിയണം. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പരോളും അവധി ദിവസങ്ങളും കുറക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.