കെ.ജി. പരമേശ്വരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ

കെ.ജി. പരമേശ്വരൻ നായർക്കും ഏഴാച്ചേരി രാമചന്ദ്രനും എൻ. അശോകനും സ്വദേശാഭിമാനി കേസരി പുരസ്‌കാരം

തിരുവനന്തപുരം: മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 എന്നീ വർഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2021ലെ പുരസ്‌കാരത്തിന് കെ.ജി. പരമേശ്വരൻ നായരും, 2022ലെ പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനും, 2023ലെ പുരസ്‌കാരത്തിന് എൻ. അശോകനും അർഹരായി. ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്.

പ്രമുഖ കവിയും പത്രപ്രവർത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രൻ. 32 വർഷത്തോളം ദേശാഭിമാനിയിൽ പ്രവർത്തിച്ചു. ദേശാഭിമാനി വാരാന്ത്യപ്പതിപ്പിന്റെ പത്രാധിപരായി 10 വർഷത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലായിരുന്നു പത്രപ്രവർത്തന തുടക്കം. ആലപ്പുഴയിൽ ഒന്നര പതിറ്റാണ്ട് ബ്യൂറോ ചീഫായി പ്രവർത്തിച്ചു. പിന്നീട് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പത്രപ്രവർത്തനം തുടർന്നു. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡുമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കെ.ജി പരമേശ്വരൻ നായർ 35 വർഷക്കാലം കേരള കൗമുദി ദിനപത്രത്തിൽ പ്രവർത്തിച്ചു. കൗമുദി വീക്കിലിയുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭാ റിപ്പോർട്ടിംഗിലെ പ്രഗത്ഭനാണ്. കേരള കൗമുദിയിൽ പ്രവർത്തിക്കുന്ന കാലത്ത് നിയമസഭയിലെ എല്ലാ സെഷനുകളിലെയും വാർത്ത റിപ്പോർട്ട് ചെയ്തു. പത്രപ്രവർത്തന രംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. കേരള നിയമസഭാ ചരിത്രവും ധർമവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂഡൽഹി മുൻ ബ്യൂറോചീഫ് ആയിരുന്നു എൻ. അശോകൻ. നിലവിൽ മാതൃഭൂമിയുടെ പ്രത്യേക പ്രതിനിധിയായി സേവനം തുടരുന്നു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തനത്തിൽ നാലു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്നു. മാധ്യമ പ്രവർത്തന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ അദ്ദേഹം കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

എസ്.ആർ. ശക്തിധരൻ, കെ.എ. ബീന, പി.എസ്. രാജശേഖരൻ എന്നിവരടങ്ങിയ ജൂറിയാണ് 2021, 2022 വർഷങ്ങളിലെ പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. കെ.പി. മോഹനൻ, ടി. രാധാമണി എന്നിവരടങ്ങിയ ജൂറിയാണ് 2023ലെ ജേതാവിനെ നിശ്ചയിച്ചത്.

Tags:    
News Summary - Swadeshabhimani Kesari Award to K.G. Parameswaran Nair, Ezhachery Ramachandran and N. Ashokan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.