ജലന്ധർ രൂപതയിലെ കന്യാസ്ത്രീയുടെ ആത്മഹത്യയില്‍ ദൂരൂഹത; കുടുംബം കലക്ടർക്ക് പരാതി നൽകി

ആലപ്പുഴ: പഞ്ചാബിലെ ജലന്ധര്‍ രൂപതക്ക് കീഴിലുള്ള കോണ്‍വെന്‍റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരിമേഴ്സി(31) ആണ് മരിച്ചത്. നവംബർ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം. മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും ആരോപിച്ച് പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്ക് പരാതിനല്‍കി. കോൺവെന്‍റിന്‍റെ നടപടികളിൽ സംശയമുണ്ടെന്ന് പിതാവ് ജോൺ ഔസേഫ് കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

അവസാനമായി വീട്ടിലേക്കുവിളിച്ചപ്പോഴും മകള്‍ സന്തോഷത്തിലായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ളാദത്തോടെ സംസാരിച്ച മേരിമേഴ്സി അന്ന് വീട്ടിലേക്ക് വിളിക്കാമെന്ന് ഉറപ്പുനല്‍കിയതായും പിതാവ് പരാതിയില്‍ പറയുന്നു. മരണത്തിലും അവിടെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലും ദുരൂഹതയുള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ഇന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞ നാലുവര്‍ഷമായി ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വന്റില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി.

അതേസമയം, മേരിമേഴ്‌സിയുടെ മരണത്തില്‍ നിയമപ്രകാരവും ബന്ധുക്കളെ അറിയിച്ചുകൊണ്ടുമാണ് നടപടികള്‍ എടുത്തതെന്നാണ് മഠം അധികൃതര്‍ പത്രക്കുറുപ്പിലൂടെ നല്‍കുന്ന വിശദീകരണം. സിസ്റ്ററുടെ ആത്മഹത്യാക്കുറിപ്പില്‍ മാതാപിതാക്കളോടും സഭാംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ടെന്നും മഠം അധികൃതർ പറഞ്ഞു. 

Tags:    
News Summary - Suspicion over suicide of Jalandhar diocese nun; The family filed a complaint with the Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT