പീഡനദൃശ്യം ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിക്ക് അതിജീവിതയുടെ കത്ത്

കോഴിക്കോട്: പീഡന ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. അടിയന്തിര നടപടി ആവശ്യപ്പെട്ടാണ് കത്ത്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്ന് ആക്രമിക്കപ്പെട്ട നടി കത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും നടി കത്തിന്‍റെ കോപ്പി അയച്ചിട്ടുണ്ട്.

ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. പ്രതിയായ ദിലീപിന്‍റെ കൈയിൽ ദൃശ്യങ്ങൾ ഇപ്പോഴും ഉണ്ടെന്ന് സംശയമുണ്ട്. വിദേശത്തേക്ക് ഈ ദൃശ്യങ്ങൾ അയച്ചോ എന്നും പരിശോധിക്കണം. ദൃശ്യങ്ങൾ ചോർന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് ആരോപണം. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്വേഷണ സംഘം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എങ്ങനെയാണ് അനുമതിയില്ലാതെ മറ്റൊരാൾക്ക് ലഭിച്ചുവെന്ന സംശയമാണ് കത്തിൽ ഉന്നയിക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന സർക്കാർ വാദത്തിനുള്ള മറുപടി ഇന്ന് ദിലീപ് ഹൈകോടതിക്ക് രേഖാമൂലം കൈമാറും. ഇന്നലെ പ്രോസിക്യൂഷൻ വിശദീകരണം കോടതിയിൽ എഴുതി നൽകിയിരുന്നു. ഇതിനുള്ള മറുപടി ഇന്ന് രാവിലെ 9.30ന് മുൻപ് സമർപ്പിക്കാൻ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തിങ്കളാഴ്ച കോടതി വിധി പറയുക.

Tags:    
News Summary - Survival letter to the Supreme Court in actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.