തിരുവനന്തപുരം: ഹൈകോടതിയിൽ നിരീക്ഷണ കാമറ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് വിളിച്ച ടെൻഡറിൽ വൻ ക്രമക്കേട്. മാനദണ്ഡങ്ങൾ പാലിക്കാതെ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ നൽകിയ ടെൻഡർ റദ്ദാക്കി.
ഒരു കോടിയിലധികം രൂപയുടെ ടെൻഡർ വിളിക്കാൻ അനുമതിയില്ലാത്ത എക്സിക്യൂട്ടിവ് എൻജിനീയർ 5.75 കോടി രൂപയുടെ ടെൻഡർ വിളിക്കുകയും യോഗ്യതയില്ലാത്ത കമ്പനിയെ ഏൽപിക്കുകയും ചെയ്തതായി ചീഫ് എൻജിനീയർ അധ്യക്ഷയായ കമ്മിറ്റി കണ്ടെത്തി.
വകുപ്പുതല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ഹൈകോടതിയിൽ സി.സി.ടി.വി സ്ഥാപിക്കാൻ ഒക്ടോബറിലാണ് തൃശൂരിലെ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ടെൻഡർ വിളിച്ചത്. ഒരു കോടി രൂപയിലധികമുള്ള ടെൻഡർ വിളിക്കാൻ ഇ.ഇക്ക് അധികാരമില്ല. ചീഫ് എൻജിനീയർക്കാണ് ഇതിന് അധികാരം. കെൽട്രോൺ ഉൾപ്പെടെ പൊതുമേഖലാസ്ഥാപനങ്ങളെ തഴഞ്ഞാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്.
അഞ്ച് കോടിക്ക് മുകളിലുള്ള ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനി, മുമ്പ് ഇത്തരം പ്രവൃത്തി നടപ്പാക്കിയതിന്റെ പ്രീ ക്വാളിഫിക്കേഷൻ രേഖ ഹാജരാക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല. എ ക്ലാസ് ലൈസൻസുള്ള പൊതുമരാമത്ത് കരാറുകാരനാകണം എന്ന വ്യവസ്ഥയും ലംഘിച്ചു. ലൈസൻസ് രേഖകളും കമ്പനി ഹാജരാക്കിയിരുന്നില്ല. മരാമത്ത് വകുപ്പിലെ ഇലക്ട്രോണിക്സ് കരാറുകൾ അധികവും നേടിയിരുന്നത് ഈ കമ്പനിയാണെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ടെൻഡർ റദ്ദാക്കിയത്. അനധികൃതമായി കരാർ നൽകിയ എക്സിക്യൂട്ടിവ് എൻജിനീയറോട് വിശദീകരണവും തേടി. വകുപ്പുതലത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.