മാധവ ഫാർമസിയുടെ മിച്ചഭൂമി: കോടതി വിധിയുണ്ടായിട്ടും സർക്കാർ ഏറ്റെടുത്തില്ല

കോഴിക്കോട്: എറണാകുളം മാധവ ഫാർമസ്യൂട്ടിക്കൽസ് കൈവശംവെച്ചിരുക്കുന്ന മിച്ചഭൂമി കോടതിവിധിയുണ്ടായിട്ടും സർക്കാർ ഏറ്റെടുത്തില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. മണ്ഡലത്തിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജിന് അനുയോജ്യമായ ഭൂമിയാണെന്ന് ഷൊർണൂർ എം.എൽ.എ റിപ്പോർട്ട് നൽകിയിരുന്നു. അതിനാൽ വിധി നടപ്പാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളമെന്നാണ് ഓഡിറ്റ് ശിപാർശ.

ഒറ്റപ്പാലം താലൂക്കിൽ 105.14 ഏക്കർ ഭൂമി കൈവശം വെച്ചിരിക്കുന്നത് സംബന്ധിച്ച മാധവ ഫാർമസ്യൂട്ടിക്കൽസ് ഭൂപരിഷ്കരണ നിയമപ്രകാരം സംസ്ഥാന ലാൻഡ് ബോർഡിന് രേഖകൾ സമർപ്പിച്ചിരുന്നില്ല. അതിനാൽ ബോർഡ് സ്വമേധയയാണ് നടപടി തുടങ്ങിയത്. നിയമത്തിലെ വകുപ്പ് 85(7) പ്രകാരം നടപടിയെടുക്കുകയും 1981 മാർച്ച് 10ന് ഉത്തരവിടുകയും ചെയ്തു. ഫാർമസി കൈവശം വെച്ചരിക്കുന്നതിൽ 90.76 ഏക്കർ മിച്ചഭൂമിയാണെന്നും അത് സർക്കാറിന് വിട്ടുനൽകണമെന്നായിരുന്നു ഉത്തരവ്.

മാധവ ഫാർമസി ഈ ഉത്തരവിനെ 1981ൽ തന്നെ ഹൈകോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന് ഭൂപരിധിയിൽ ഇളവിന് മാധവ ഫാർമസിക്ക് അർഹതയുണ്ടെന്ന് ഹൈകോടതി ഉത്തരവിട്ടു. 1989ൽ ഹൈകോടതി നിയമത്തിലെ 81 (ഒന്ന്) (കെ) പ്രകാരം 105.14 ഏക്കറിന് ഇളവ് അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ഈ പ്രദേശം ഔഷധത്തോട്ടമായി വികസിപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. അത് പാലിക്കുന്നതിൽ ഫാർമസി പരാജയപ്പെട്ടതിനാൽ കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 87 പ്രകാരം നടപടികൾ സ്വീകരിച്ച് കലക്ടർക്ക് ഭൂമി ഏറ്റെടുക്കാം.


ഓഡിറ്റ് റിപ്പോർട്ട് 

ഔഷധ തോട്ടം നിർമിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ 1992ൽ കലക്ടർ നോട്ടീസ് നൽകി. കെ.എൽ.ആർ നിയമത്തിലെ സെക്ഷൻ 81 (1) (കെ) ഫാർമസിക്ക് ഇളവ് നൽകിയ ഭൂമി ഏത് ആവശ്യത്തിനായി നീക്കിവച്ചിരിക്കുന്നുവോ അതിനായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഭൂമി ഹെൽബൽ ഗാർഡനായി മൂന്ന് വർഷത്തിനുള്ള പരിവർത്തനം ചെയ്യണമെന്ന് 2002ൽ കോടതി ഉത്തരവ് നൽകി. സ്വത്തുക്കൾ അന്യാധീനപ്പെടുത്തരുതെന്ന് കോടതി ഹരജിക്കാരനോട് നിർദേശിക്കുകയും ചെയ്തു. തുടർന്ന് വ്യവസ്ഥ പാലിക്കുന്നതിനായി ഇളവ് നൽകിയ പ്രദേശത്തിന്റെ ഒരുഭാഗം ഹെർബൽ ഗാർഡൻ ആക്കി.

കാലാവധി കഴിഞ്ഞതിന് ശേഷം ഹെർബൽ ഗാർഡന്റെ വിസ്തീർണ്ണം അളന്ന് ചെടികളുടെ പട്ടിക തയാറാക്കി. 36.60 ഏക്കർ ഹെർബൽ ഗാർഡൻ ആക്കിയെന്ന് ഡി.എം.ഒ സ്ഥിരീകരിച്ചു. അതിനാൽ, ഒറ്റപ്പാലത്തെ താലൂക്ക് ലാൻഡ് ബോർഡിനോട് കെ.എൽ.ആർ ആക്ട് പ്രകാരമുള്ള നടപടികൾ ആരംഭിക്കാൻ ഡി.സി നേരിട്ട് നിർദേശിച്ചു. ബാക്കിയുള്ള ഭൂമി 69.54 ഏക്കർ മിച്ചഭൂമിയായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് പ്രകാരം നെല്ലായ, ചളവറ, ചെർപ്പുളശ്ശേരി വില്ലേജ് ഓഫീസർമാർ റിപ്പോർട്ട് തയാറാക്കി.

2009 സെപ്തംബർ ഏഴിന് മിച്ചഭൂമി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഈ കേസിൽ കോടതിയുടെ അന്തിമ ഉത്തരവുണ്ടായത് 2018 മാർച്ച് 12നാണ്. തുടർന്ന് ഹരജിക്കാരന് നൽകിയ ഇളവ് കാലഹരണപ്പെട്ടതിനാൽ താലൂക്ക് ലാൻഡ് ബോർഡിനോട് നോട്ടീസ് നൽകാൻ നിർദേശിച്ചു. ഒറ്റപ്പാലം താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, തഹസിൽദാർ, ഔഷധത്തോട്ടത്തിലെ വിദഗ്ധരുമായി ചേർന്ന് മിച്ചഭൂമി സർവേ ചെയ്യണമെന്ന് തീരുമാനിച്ചു. എന്നാൽ, തുടർനടപടികളൊന്നും സ്വീകരിച്ചില്ല. അതിനിടയിൽ ഈ ഭൂമിയിലെ നിരവധി മരങ്ങൾ വെട്ടി കടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച പരാതിയിൽ വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, തഹസിൽദാർക്ക് (എൽ.ആർ) എന്നിവരോട് നിയമനടപടി സ്വീകരിക്കാൻ നിർദേശം നൽകി. തുടർന്ന് എന്ത് നടപടി സ്വീകരിച്ചുവെന്നതിന് രേഖകളില്ലെന്ന് ഓഡിറ്റ് ചൂണ്ടിക്കാട്ടുന്നത്. 

Tags:    
News Summary - Surplus land of Madhava Pharmacy: Despite the court order, the government did not take over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.