കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ശസ്ത്രക്രിയകൾ തിങ്കളാഴ്ച പുനരാരംഭിക്കും. നാല് തിയറ്ററുകൾ രണ്ട് ഷിഫ്റ്റുകളിലായി ഉപയോഗിക്കാനാണ് തീരുമാനം.അത്യാഹിത വിഭാഗത്തിലെ രണ്ട് ശസ്ത്രക്രിയ തിയറ്ററുകളും ട്രോമ ബ്ലോക്കിലെ രണ്ട് തിയറ്ററുകളുമാണ് ഉപയോഗിക്കുക. എട്ട് ടേബിളുകളാണ് ശസ്ത്രക്രിയക്ക് ലഭിക്കുക.
തകർന്ന പഴയ കെട്ടിടത്തിലാണ് ശസ്ത്രക്രിയ തിയറ്റർ പ്രവർത്തിച്ചിരുന്നത്. 10 തിയറ്ററുകളിലായി ഒറ്റ ഷിഫ്റ്റിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. കെട്ടിടം തകർന്നതോടെ തിയറ്റർ പൂട്ടിയിരുന്നു. ആഗസ്റ്റോടെ പുതിയ ശസ്ത്രക്രിയ തിയറ്റർ കോംപ്ലക്സ് തുറക്കുന്നതോടെ പരിമിതികൾക്ക് പരിഹാരമാവുമെന്ന് അധികൃതർ പറയുന്നു.
പുതിയ സർജിക്കൽ ബ്ലോക്ക് അടിയന്തരമായി തുറന്നെങ്കിലും പ്രവർത്തനം പൂർണസജ്ജമാകാൻ സമയമെടുക്കും. പഴയകെട്ടിടത്തിലെ രോഗികളെ ഇവിടേക്ക് മാറ്റിയിരുന്നു. സർജിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും മാറ്റൽ പുരോഗമിക്കുകയാണ്. ഡി.വൈ.എഫ്.ഐ, സേവാഭാരതി പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ സമഗ്രമായി അന്വേഷിച്ചേ റിപ്പോർട്ട് നൽകാനാവൂ എന്ന് ജില്ല കലക്ടർ ജോൺ വി. സാമുവൽ. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ആവശ്യമെങ്കിൽ കൂടുതൽ സമയം തേടും. പ്രാഥമിക സ്ഥലപരിശോധന പൂർത്തിയായി. നിരവധി കാര്യങ്ങൾ പരിശോധിക്കണം. രേഖകളും റെക്കോഡുകളും ലഭിക്കാനുണ്ട്. കഴിയുംവേഗം നൽകാനാണ് ശ്രമമെന്നും ജില്ല കലക്ടർ വ്യക്തമാക്കി.
ബിന്ദുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതു സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ശനിയാഴ്ച കലക്ടർ കൈമാറി. കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് സാമ്പത്തിക സഹായം നൽകാമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.