സുരേഷ് ഗോപി

അഭിനയിക്കണം, കൂടുതൽ സമ്പാദിക്കണം, വരുമാനം പൂർണമായി നിലച്ചെന്ന് സുരേഷ് ഗോപി; ‘പകരം സദാനന്ദൻ മാസ്റ്ററെ കേന്ദ്രമന്ത്രിയാക്കണം’

കണ്ണൂർ: സിനിമ അഭിനയം തുടരാൻ ആഗ്രഹിക്കുന്നതായി തൃശ്ശൂർ എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കണ്ണൂരിൽ നടന്ന ഒരു പരിപാടിയിലാണ് തന്‍റെ ആഗ്രഹം സുരേഷ് ഗോപി പരസ്യമായി പ്രകടിപ്പിച്ചത്. തനിക്ക് പകരം രാജ്യസഭ എം.പി. സി. സദാനന്ദൻ മാസ്റ്ററെ കേന്ദ്രമന്ത്രിയാക്കണമെന്നും കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം തന്‍റെ വരുമാനം ഗണ്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

'എനിക്ക് അഭിനയം തുടരണം. എനിക്ക് കൂടുതൽ സമ്പാദിക്കണം, നിലവിൽ എന്റെ വരുമാനം പൂർണമായി നിലച്ചു. ഞാൻ പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. എനിക്ക് പകരം രാജ്യസഭ എം.പി. സി. സദാനന്ദൻ മാസ്റ്ററെ കേന്ദ്രമന്ത്രിയാക്കണം' -സുരേഷ് ഗോപി വ്യക്തമാക്കി.

'ഒരിക്കലും മന്ത്രിയാകണമെന്ന് പ്രാർഥിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് മന്ത്രിയാകാൻ താൽപര്യമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. 2008ൽ പാർട്ടിയിൽ അംഗത്വം എടുത്തു. ജനങ്ങൾ തെരഞ്ഞെടുത്ത ആദ്യത്തെ കേരളത്തിലെ എം.പിയാണ്. എന്നെ മന്ത്രിയാക്കണമെന്ന് പാർട്ടിക്ക് തോന്നി' -സുരേഷ് ഗോപി പറഞ്ഞു.

തന്‍റെ വാക്കുകൾ വളച്ചൊടിക്കാനും തെറ്റായി വ്യഖ്യാനിക്കാനും സാധ്യതയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂർ മണ്ഡലത്തിലെ ജനങ്ങളെ 'പ്രജ' എന്ന് പരാമർശിച്ചത് വിമർശനത്തിന് വഴിവെച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുമ്പ് 'തോട്ടികൾ' എന്ന് വിളിച്ചിരുന്ന ശുചീകരണ തൊഴിലാളികളെ ഇപ്പോൾ 'ശുചിത്വ എഞ്ചിനീയർമാർ' എന്ന് വിളിക്കുന്നതിനെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഉപയോഗിച്ച 'പ്രജ', 'പ്രജാതന്ത്ര' എന്നീ പദങ്ങൾ എതിരാളികൾ വളച്ചൊടിച്ചതാണ്. 'പ്രജ' എന്ന പദം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും സുരേഷ് ഗോപി ചോദിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട് പറളിയിൽ നടത്തിയ കലുങ്ക് സംവാദത്തിൽ 'പ്രജ' എന്ന വാക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉപയോഗിച്ചിരുന്നു. ഇത് പ്രജാരാജ്യമാണെന്നും പ്രജകളാണ് ഇവിടെ രാജാക്കന്മാരെന്നും പ്രജകൾ വിരൽചൂണ്ടി സംസാരിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

നിവേദനം തന്നയാളെ താൻ അവഹേളിച്ചുവെന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനമാണ്​. അവഹേളനങ്ങൾക്ക് താൻ പുല്ലുവിലയാണ് നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട്‌ കേരളത്തിന്റെ അന്നപാത്രമാണെന്നും നപുംസകങ്ങൾക്ക് ‘അന്നപാത്രം’ എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സു​രേ​ഷ് ഗോ​പി ന​യി​ക്കു​ന്ന ‘ക​ലു​ങ്ക് സൗ​ഹൃ​ദ സം​വാ​ദത്തി​ൽ വീടിനായി നിവേദനവുമായെത്തിയ പുള്ള് സ്വദേശി കൊച്ചുവേലായുധനെയാണ് കേന്ദ്രമന്ത്രി മടക്കി അയച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു. ‘പ​രാ​തി​ക​​ളൊ​ക്കെ അ​ങ്ങ് പ​ഞ്ചാ​യ​ത്തി​ൽ കൊ​ണ്ടു​കൊ​ടു​ത്താ​ൽ മ​തി, ഇ​ത് വാ​ങ്ങ​ൽ എം.​പി​യു​ടെ പ​ണി​യ​ല്ല’ എ​ന്നാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ മ​റു​പ​ടി.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മേ എം.​പി ഫ​ണ്ട് ന​ൽ​കു​ക​യു​ള്ളോ എ​ന്ന ചോ​ദ്യ​ത്തി​ന് ‘ത​ൽ​കാ​ലം അ​തേ പ​റ്റൂ ​ചേ​ട്ടാ’ എ​ന്നാ​യി​രു​ന്നു പ​രി​ഹാ​സ ​രൂ​പ​ത്തി​ലു​ള്ള മ​റു​പ​ടി.

കലുങ്ക് ചർച്ചക്കിടെ വയോധികന്റെ നിവേദനം സ്വീകരിക്കാത്തത് വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. കൊച്ചുവേലായുധന്റെ നിവേദനം സ്വീകരിക്കാത്തത് കൈപിഴയാണെന്ന് സമ്മതിച്ച സുരേഷ് ഗോപി അവിടേയും ഇവിടെയും തെറിച്ച് കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്തുകാണിച്ച് ഈ തീപന്തം കെടുത്താനാകില്ലെന്നും പറഞ്ഞു. സുരേഷ് ഗോപി മടക്കിയയച്ച കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകാമെന്നുള്ള സി.പി.എം തീരുമാനത്തെ സുരേഷ് ഗോപി പരിഹസിച്ചു.

വേലായുധൻ ചേട്ടന് വീട് കിട്ടുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഇനിയും വേലായുധൻ ചേട്ടന്മാരെ അങ്ങോട്ട് വിടാമെന്നും സ്വീകരിക്കാൻ പാർട്ടി തയാറായി ഇരുന്നോളൂ, അതിനുള്ള ചങ്കൂറ്റം കാണിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags:    
News Summary - Suresh Gopi wants to resume film acting; suggests Rajya Sabha MP Sadanandan Master be made Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.