സുരേഷ് ഗോപിയുടെ പുലിപ്പല്ല് ലോക്കറ്റ് ഡി.എഫ്.ഒക്ക് മുമ്പാകെ ഹാജരാക്കണം; നോട്ടിസ് നൽകാൻ വനം വകുപ്പ്

തൃശ്ശൂർ: സിനിമ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും. സുരേഷ് ഗോപി ധരിച്ചതായി പറയുന്ന മാലയുടെ ലോക്കറ്റ് ഹാജരാക്കാനാണ് നിർദേശം. തൃശ്ശൂർ ഡി.എഫ്.ഒക്ക് മുമ്പാകെയാണ് ലോക്കറ്റ് ഹാജരാക്കേണ്ടത്.

സുരേഷ് ഗോപി ധരിച്ച മാലയിലേത് യഥാർഥ പുലിപ്പല്ലാണോ എന്ന് സ്ഥിരീകരിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ലോക്കറ്റിന്‍റെ ഉറവിടത്തെ കുറിച്ചും സുരേഷ് ഗോപി വനം വകുപ്പ് ഉദ്യോഗസ്ഥർ മുമ്പാകെ വിശദീകരിക്കണം.

യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് വനം വകുപ്പിന്‍റെ നടപടി. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്‍റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മല ധരിച്ചു നിൽക്കുന്ന സുരേഷ് ഗോപിയുടെ ഫോട്ടോയും വാർത്താ റിപ്പോർട്ടും പരാതിക്കൊപ്പം കൈമാറിയിരുന്നു.

പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്ത് നിന്ന് എത്തിക്കുന്നതും കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ ഏഴു വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺ ദാസ് ഉപയോഗിക്കുന്ന മാല പുലിപ്പല്ല് കൊണ്ടുള്ളതാണെന്ന് വനം വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്. മാലയിലുള്ള പുലിപ്പല്ലുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കുന്നതിനായി വേടനെ രണ്ട് ദിവസം വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു.

തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോൾ മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്‍റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ വേടനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തിരുന്നു.

Tags:    
News Summary - Suresh Gopi submit Tiger Tooth to Forest Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.