തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിർമാണത്തിലുള്ള ദേശീയ പാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ കേന്ദ്ര സർക്കാറിന് കീഴിലുള്ള ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദേശീയപാതയുടെ നിർമാണത്തിനുള്ള ഡി.പി.ആറിൽ (ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) പ്രീണനത്തിന്റെ ഭാഗമായി അട്ടിമറി നടന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. ഡി.പി.ആര്‍ അട്ടിമറിച്ചത് എന്തിന് വേണ്ടിയാണെന്നും ആര്‍ക്ക് വേണ്ടിയാണെന്നും കണ്ടെത്തണമെന്നും അതില്‍ അന്വേഷണം നടക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
‘‘ഡി.പി.ആറുകൾ പ്രീണനത്തിന്റെ ഭാഗമായി ചില മാറ്റി. റോഡ് ഇടിഞ്ഞ ഭാഗത്തെപ്പറ്റി പറയുന്നതെന്താണ്. അത്രയും ഹൈറ്റിലേക്ക് ഈ കെട്ടുകൊണ്ട് താങ്ങില്ല. റോഡ് നിർമാണത്തിന് ഡി.പി.ആര്‍ 1 ഉണ്ടായിരുന്നോ? അതു പിന്തുടര്‍ന്നോ ? ഡി.പി.ആര്‍ 1 മാറ്റി ഡി.പി.ആര്‍ രണ്ടും അതും പോരാതെ ഡി.പി.ആര്‍ മൂന്നിലേക്കും പോയത് എവിടെയാണ്. വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്. വിഷയത്തില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ല. യഥാർഥ ഡി.പി.ആര്‍ ഉണ്ടായിരുന്നു. അത് ആര്‍ക്കുവേണ്ടി മാറ്റി? ഇതെല്ലാം അന്വേഷിക്കണം. അട്ടിമറിയുണ്ടായതിന് പിന്നില്‍ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയോട് വിഷയത്തെ പറ്റി സംസാരിച്ചിട്ടുണ്ട്’ -സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ചയാണ് മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സർവിസ് റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്. പിന്നാലെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്രസർക്കാർ വിലക്കി. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) കമ്പനിക്കും വിലക്കുണ്ട്. ഇതിനു പുറമെ, പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ് കുമാര്‍ എന്നിവരെ സസ്പെൻഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. വിലക്കിയതോടെ, കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന് ഇനി ദേശീയപാത ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല.
സംഭവത്തിനു പിന്നാലെ ദേശീയപാത അതോറിറ്റി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഡല്‍ഹി ഐ.ഐ.ടിയിൽനിന്ന് വിരമിച്ച പ്രഫ. ജി.വി റാവുവിന്റെ നേതൃത്വത്തിൽ മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ ദീക്ഷിത് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഇവരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തത്.
വിദഗ്ധ സംഘം വിശദമായ റിപ്പോര്‍ട്ട് വരുംദിവസങ്ങളിൽ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും സംഘം പരിശോധിക്കുമെന്നാണ് വിവരം. മേയ് 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വിസ് റോഡിലേക്ക് വീഴുകയും സര്‍വിസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.