സുരേഷ് ഗോപി
തിരുവനന്തപുരം: വയോധികന്റെ നിവേദനം സ്വീകരിക്കാത്തത് കൈപ്പിഴയെന്ന് സിനിമാതാരം സുരേഷ് ഗോപി. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു കൈപ്പിഴ വലിയ വിവാദമാക്കി ഉയർത്തികാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരുപാട് വേലായുധൻമാരെ താൻ കാണിച്ച് തരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാതെ മടക്കിയയച്ച പുള്ളിലെ കൊച്ചുവേലായുധന്റെ വീട്ടിൽ സി.സി. മുകുന്ദൻ എം.എൽ.എ എത്തി. വീടിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണുമെന്ന് എം.എൽ.എ ഉറപ്പുനൽകി. വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം അഭ്യർഥിച്ചാണ് സുരേഷ് ഗോപിയുടെ ജനസമ്പർക്ക പരിപാടിയിൽ കൊച്ചുവേലായുധൻ നിവേദനം നൽകാൻ ശ്രമിച്ചതും തുടർന്ന് സ്വീകരിക്കാൻ വിസമ്മതിച്ച് മടക്കിയയച്ചതും.
കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽവീടിന്റെ മേൽക്കൂര തെങ്ങുവീണ് തകർന്നപ്പോൾ, സി.സി. മുകുന്ദൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് റവന്യൂ-ദുരന്ത നിവാരണ വകുപ്പിൽനിന്ന് കൊച്ചുവേലായുധന് 1.20 ലക്ഷം രൂപ ധനസഹായം ലഭിച്ചിരുന്നു. സി.പി.ഐ ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.കെ. ജോബി, ഗ്രാമപഞ്ചായത്ത് അംഗം ഷില്ലി ജിജുമോൻ എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
‘പഞ്ചായത്തിൽ പൊക്കോ’; വയോധികന്റെ പരാതി മടക്കി സുരേഷ് ഗോപി
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നയിക്കുന്ന ‘കലുങ്ക് സൗഹൃദ സംവാദ’ത്തിൽ പരാതിയുമായെത്തിയ വയോധികനെ മടക്കിയയച്ച് മന്ത്രി. ‘പരാതികളൊക്കെ അങ്ങ് പഞ്ചായത്തിൽ കൊണ്ടുകൊടുത്താൽ മതി, ഇത് വാങ്ങൽ എം.പിയുടെ പണിയല്ല’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
നടനും ബി.ജെ.പി സഹയാത്രികനുമായ ദേവൻ, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരെയടക്കം പങ്കെടുപ്പിച്ചാണ് കഴിഞ്ഞ ദിവസം പരിപാടി അരങ്ങേറിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിലായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ‘കലുങ്ക് സൗഹാര്‍ദ വികസന സംവാദം’ നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി വികസനകാര്യങ്ങൾ ചർച്ചചെയ്യുന്നതിനായാണ് സംവാദം സംഘടിപ്പിച്ചത്. ഈ സംവാദം നടക്കുന്നതിനിടെയാണ് ഒരു വയോധികന് കവറില്‍ അപേക്ഷയുമായി വന്നത്.
കവര്‍ അദ്ദേഹം സുരേഷ് ഗോപിക്കുനേരെ നീട്ടിയപ്പോള്‍ വാങ്ങാൻ വിസമ്മതിച്ചു. ശേഷമാണ് ‘‘ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ’’ എന്ന് സുരേഷ് ഗോപി പറഞ്ഞത്. തുടർന്ന് പരാതിയുമായി വയോധികൻ പിന്മാറിയപ്പോൾ പിന്നാലെവന്ന പരാതിക്കാരും പരാതി നൽകാൻ മടിച്ചു. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ മാത്രമേ എം.പി ഫണ്ട് നൽകുകയുള്ളോ എന്ന ചോദ്യത്തിന് ‘തൽക്കാലം അതേ പറ്റൂ ചേട്ടാ’ എന്നായിരുന്നു പരിഹാസരൂപത്തിലുള്ള മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.