കാണാതായ സൂരജ് ലാമ, മകൻ സാന്റോൺ ലാമ, സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം
കൊച്ചി: കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകൻ സാന്റോൺ ലാമ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിതാവിനെ മെഡിക്കൽ കോളജിൽ നിന്ന് വിട്ടയച്ചതെന്ന് സാന്‍റൻ ലാമ മാധ്യമങ്ങളോട് പറഞ്ഞു. മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാൾ വന്നാൽ മെഡിക്കൽ കോളജും പൊലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തിൽ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശ്ശേരി മെഡിക്കൽ കോളജിലെത്തി അന്വേഷണം നടത്തിയപ്പോൾ ഇങ്ങനെ ഒരാൾ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതർ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വരികയും പൊലീസിനൊപ്പം മെഡിക്കൽ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കിയത്.
അജ്ഞാതൻ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മാധ്യമവാർത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററിൽ കണ്ടെത്തിയത്. പിതാവിന്‍റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്‍റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തിൽപ്പെട്ട് ഓർമശക്തി നഷ്ടപ്പെട്ട ഒരാളിന്‍റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റോൺ ലാമ ചോദിക്കുന്നു.
രാഷ്ട്രപതിയുടെ സന്ദർശനമായതിനാൽ പിതാവിന്‍റെ തിരോധാനത്തിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണർ തനിക്ക് ഉറപ്പ് നൽകിയതാണ്. തിരച്ചിൽ നടത്തിയ എച്ച്.എം.ടി പരിസരത്ത് നിന്നാണ് പിതാവിന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്‍റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാൾ വന്നാൽ മെഡിക്കൽ കോളജും പൊലീസും കൈകാര്യം ചെയ്യേണ്ടത് -സാന്റോൺ ലാമ ചോദിച്ചു.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം ആലുവയിൽവെച്ച് കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹം ഞായറാഴ്ച കളമശ്ശേരിയിലാണ് കണ്ടെത്തിയത്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക് എതിർവശം കാട് പിടിച്ച ചതുപ്പ് സ്ഥലത്താണ് അഗ്നിരക്ഷാസേന ടാസ്ക് ഫോഴ്സ് മൃതദേഹം കണ്ടെത്തിയത്.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ സൂരജ് ലാമയെ കാണാതായതിനെ തുടർന്ന് ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച 20 അംഗ സംഘം വ്യത്യസ്ത ടീമുകളായി ജില്ലയിലുടനീളം തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിന്‍റെ ഭാഗമായി അഗ്നിരക്ഷാസേനയുടെ സഹായവും തേടിയിരുന്നു.
ബംഗളുരുവിൽ താമസിച്ചിരുന്ന സൂരജ് ലാമ ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിന് പുലർച്ചെ 2.15നാണ് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയത്. കുവൈത്തിൽ നിന്ന് നാടുകടത്തിയതിനെ തുടർന്നാണ് സൂരജ് ലാമ കൊച്ചിയിൽ വിമാനമിറങ്ങിയത്. കുവൈറ്റ് വിഷമദ്യദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട നിലയിലാണ് കൊച്ചിയിലെത്തിയത്. അലഞ്ഞുനടക്കുന്ന രീതിയിൽ കണ്ട സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാവുകയായിരുന്നു.
കളമശ്ശേരിയിൽ നടത്തിയ സി.സി.ടി.വി പരിശോധനയിൽ ഒക്ടോബർ പത്തിന് എച്ച്.എം.ടി റോഡ്, എൻ.ഐ.എ ഓഫീസ് എന്നിവക്ക് സമീപത്തുകൂടെ കടന്ന് പോകുന്നതായി കണ്ടതായാണ് പൊലീസ് പറഞ്ഞത്. ഇതനുസരിച്ച് ഞായറാഴ്ച രാവിലെ പൊലീസും അഗ്നിരക്ഷാ ടാസ്ക് ഫോഴ്സും രണ്ടായിത്തിരിഞ്ഞ് എച്ച്.എം.ടിക്ക് സമീപം കാട് പിടിച്ച ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് എച്ച്.എം.ടി കമ്പനിക്ക് എതിർവശം മൃതദേഹം കണ്ടത്.
തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. പൊലീസ് വിവരം അറിയിച്ച പ്രകാരം മകൻ സാന്‍റൻ ലാമ ബംഗളുരുവിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയത്. മൃതദേഹം ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സാന്റോൺ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.