തിരുവനന്തപുരം: വലിയ തോതിൽ സാമ്പത്തിക നഷ്ടം നേരിടുന്ന സപ്ലൈകോയെ നിലവിൽ ലാഭത്തിലുള്ള ബിവറേജസ് കോർപറേഷനുമായി ലയിപ്പിക്കണമെന്ന് ധവളപത്രത്തിൽ ശിപാർശ. ബിവറേജസ് കോർപറേഷന്റെ ലാഭവിഹിതത്തിൽനിന്ന് വലിയ തുക നികുതിയായി സർക്കാറിന് ലഭിക്കുന്നുണ്ട്. 2022-23ൽ 48.41 കോടിയും 2023-24ൽ 84.66 കോടിയും 2024-25ൽ 47.33 കോടിയുമാണ് ലഭിച്ചത്.
അതേസമയം, അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നതിലൂടെ സപ്ലൈകോ വലിയ നഷ്ടത്തിലാണ്. മദ്യവിതരണത്തിനും സിവിൽ സപ്ലൈസിനും പ്രത്യേകം ഡിവിഷനുകളുള്ള ഒരൊറ്റ കോർപറേഷനായി ഈ രണ്ട് സ്ഥാപനങ്ങളെയും ലയിപ്പിക്കുന്നതിലൂടെ സിവിൽ സപ്ലൈസ് വിഭാഗത്തിനുണ്ടാകുന്ന നഷ്ടം ബിവറേജസിന്റെ ലാഭത്തിൽനിന്ന് നികത്താൻ കഴിയും. ഇതുവഴി നികുതിച്ചെലവ് ഗണ്യമായി കുറക്കാനും തൽഫലമായി സപ്ലൈകോക്ക് നൽകേണ്ട സർക്കാർ സബ്‌സിഡി കുറക്കാനും കഴിയും. രണ്ട് വിഭാഗങ്ങളുടെയും അടിസ്ഥാന ലക്ഷ്യങ്ങളെ ബാധിക്കാതെ മൊത്തത്തിലുള്ള സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്താൻ ലയനം സഹായിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മറ്റ് പൊതു ശിപാർശകൾ:
എല്ലാ സർക്കാർ വകുപ്പുകളുടെയും ഡിജിറ്റൈസേഷൻ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണം.
പേപ്പർ ജോലികളും നടപടിക്രമങ്ങളും ലളിതമാക്കണം.
സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കാൻ ഓരോ ഘട്ടത്തിലും എടുത്ത സമയം രേഖപ്പെടുത്തുന്ന ‘ആഡൻഡം’ ഫയലുകളിൽ ഉൾപ്പെടുത്തണം.
വകുപ്പുകൾ തമ്മിലെ അനാവശ്യ ഫയൽ കൈമാറ്റം നിയന്ത്രിക്കണം.
സർക്കാർ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി സിവിൽ സൊസൈറ്റി സംഘടനകളെ ‘രണ്ടാം നിര’യായി ഉപയോഗിക്കണം.
സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ഭൂപരിഷ്കരണ നിയമങ്ങളും തൊഴിൽ നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കണം.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പക്കലുള്ള നിക്ഷേപം ഉൽപാദനക്ഷമമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം.
സംസ്ഥാന ആസൂത്രണ ബോർഡിനെ സർക്കാറിന്റെ ഒരു തിങ്ക് ടാങ്ക് ആയി പുനഃസംഘടിപ്പിക്കണം.
ഉയർന്ന നഗരവത്കരണം കണക്കിലെടുത്ത് കൂടുതൽ മുനിസിപ്പൽ ബോഡികൾ രൂപവത്കരിക്കുകയും നഗര ഭരണ സംവിധാനം പുനഃസംഘടിപ്പിക്കുകയും വേണം.
അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി മുനിസിപ്പൽ ബോണ്ടുകൾ ഇറക്കുന്നത് പ്രോത്സാഹിപ്പിക്കണം.
എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലെയും സർക്കാർ വകുപ്പുകളിലെയും നിയമനങ്ങൾ ‘കേരള സംസ്ഥാന സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ്’ വഴി മാത്രമാക്കണം.
തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാരനെ ഉദാഹരണമാക്കി കേരളത്തിന്‍റെ ധനസ്ഥിതിയെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. കഴിഞ്ഞ സർക്കാർ ഈ സർക്കാറിന് മുന്നിൽ വെച്ചുപോയ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചായിരുന്നു വിശദീകരണം.
ഒരു നിയമസഭ ജീവനക്കാരന് 50,000 രൂപ ശമ്പളം കിട്ടുന്നെന്ന് കരുതുക. അതല്ലെന്ന് തനിക്കറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പൈസ പോക്കറ്റിൽ വെച്ച് പാൽ, പത്രം, മീൻ, പച്ചക്കറി എന്നിവ വാങ്ങിയതിലെ പണം കൊടുക്കാതെ ആ പണവുമായി വീട്ടിൽ പോയിട്ട് അയാൾ ഭാര്യയോട് പറയുകയാണ് ശമ്പളമായി കിട്ടിയ പൈസ മുഴുവൻ തന്‍റെ പോക്കറ്റിലുണ്ടെന്ന്. വാതിൽ തുറന്ന് നോക്കിയാൽ പുറത്ത് മുഴുവൻ കടംകൊടുക്കേണ്ടവരാണ്. അത് മറന്നാണ് പോക്കറ്റിൽ പണമുണ്ടെന്ന് പറയുന്നത്.
അതേ അവസ്ഥയിലാണ് നമ്മുടെ ഖജനാവിനെ ഈ സർക്കാറിനെ ഏൽപിച്ച് കഴിഞ്ഞ സർക്കാർ പോയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ട്രഷറിയിൽ വലിയ തുക കാഷ് ബാലൻസ് ബാക്കിവെച്ചാണ് തങ്ങൾ പടിയിറങ്ങുന്നതെന്ന ഇടതു സർക്കാരിന്റെ അവകാശവാദം വാസ്തവമല്ലെന്ന് ധവളപത്രം. 2025-26 അവസാനം കണ്ട 6,322 കോടി രൂപയുടെ ബാലൻസ് കേന്ദ്ര ഗ്രാന്റുകളും മാർച്ചിലെ കടമെടുപ്പും വഴിയുണ്ടായ താൽക്കാലിക വർധനവ് മാത്രമാണ്. ഇതിൽനിന്ന് 4,110 കോടി രൂപ ആറാഴ്ചകൊണ്ട് ചെലവഴിച്ചു.
അതിനാൽ മേയ് 16ന് ട്രഷറി ബാലൻസ് 2,212 കോടി രൂപയായി കുറഞ്ഞു. പ്രതിമാസ ബാധ്യതകൾ 11,000 കോടിയോളമാണ്. ആ സാമ്പത്തിക വർഷം ഏഴുമാസവും ട്രഷറി ബാലൻസ് നെഗറ്റീവായിരുന്നു. വർഷാവസാനം കണ്ട ഉയർന്ന തുക ആ വർഷത്തെ പൊതുവായ സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നതല്ല.
2024-25 സാമ്പത്തിക വർഷം 10 മാസവും ട്രഷറി ബാലൻസ് നെഗറ്റീവായിരുന്നുവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.