സപ്ലൈകോ നെല്ലുസംഭരണം; സർക്കാർ ഇടപെടലും ഫലംകണ്ടില്ല

പാലക്കാട്: കേരളത്തിലെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സ‍ർക്കാറും മില്ലുടമകളും തമ്മിലുള്ള ച‍ർച്ച പരാജയപ്പെട്ടതോടെ ക‍ർഷകർ വെട്ടിലായി.

ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേ‍ർന്ന യോഗത്തിനുശേഷം രാത്രിയിൽ കൊച്ചിയിൽ ചേർന്ന കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ ജനറൽ ബോഡിയിലാണ് നെല്ലുസംഭരണത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം മില്ലുടമകള്‍ പ്രഖ്യാപിച്ചത്. ഔട്ട് ടേൺ അനുപാതം സംബന്ധിച്ച തർക്കമാണ് വിട്ടുനിൽക്കുന്നതിലുള്ള പ്രധാന കാരണം.

കേന്ദ്ര മാനദണ്ഡപ്രകാരം ഒരു ക്വിന്റൽ നെല്ല് സംസ്‌കരിക്കുമ്പോൾ 68 ശതമാനം അരി തിരികെ നൽകണം. കേരളത്തിൽ 64.5 കിലോയേ ലഭിക്കൂ എന്നാണ് മില്ലുടമകളുടെ വാദം. തിരുവനന്തപുരത്ത് ബുധനാഴ്ചത്തെ ചർച്ചയിൽ 66.5 കിലോയായി നിശ്ചയിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. 64.5 കിലോ എന്ന് അംഗീകരിച്ചാൽ മാത്രമേ നെല്ലെടുക്കേണ്ടതുള്ളൂ എന്നാണ് മില്ലുടമകളുടെ തീരുമാനം.

മുൻ വർഷങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് മില്ലുടമകൾ അഭിപ്രായപ്പെട്ടു. 2022ൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ 64.5 കിലോ എന്ന് തത്ത്വത്തിൽ അംഗീകരിക്കുകയും കേന്ദ്ര നിബന്ധനപ്രകാരം 68 ശതമാനം എന്ന വ്യവസ്ഥ അംഗീകരിച്ച് കരാർ ഒപ്പിടാമെന്നും വ്യത്യാസം വരുന്ന 3.5 ശതമാനം അരിയുടെ വില മില്ലുകാർക്ക് തിരികെ നൽകാമെന്നും വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ തുകയായ 63 കോടി ഉടൻ അനുവദിക്കാമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച ഉറപ്പുനൽകി. ഈ തുക കൈയിൽ കിട്ടിയാലേ സപ്ലൈകോയുമായി കരാർ ഒപ്പിടുമ്പോൾ ബാങ്ക് ഗാരന്റി നൽകാനാകൂ എന്നാണ് മില്ലുകാരുടെ നിലപാട്.

അരി നൽകുന്നതിനുള്ള ചണച്ചാക്കിന് ഇപ്പോൾ റൈസ് മില്ലുകളിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നത് ഒഴിവാക്കി ചാക്ക് സപ്ലൈകോ വിതരണം ചെയ്യണമെന്നാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്. കൈകാര്യചെലവിൽ ചണച്ചാക്കിന്റെ വില കിഴിച്ചുള്ള സംഖ്യയാണ് സപ്ലൈകോ ഇപ്പോൾ മില്ലുകൾക്ക് നൽകുന്നത്. ഈ വർഷം ചണച്ചാക്കിന്റെ വില വീണ്ടും കൂടിയിട്ടുണ്ട്. നെല്ല് അരിയാക്കുന്നതിന് കൈകാര്യ ചെലവായി ക്വിന്റലിന് 272 രൂപയായി ഉയർത്തുക, കൈകാര്യ ചെലവിന് പാലക്കാട്ടെ 11 മില്ലുകൾക്ക് 19 കോടിയുടെ ജി.എസ്.ടി നോട്ടീസ് നൽകിയത് പിൻവലിക്കുക, സപ്ലൈകോ ജി.എസ്.ടി ബാധ്യത ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്ന് റൈസ് മില്ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. 

Tags:    
News Summary - Supplyco rice procurement; Government intervention also failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.