ശിവഗിരി (വർക്കല): അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധവിശ്വാസം മനുഷ്യനെ നീചരാക്കുന്നു. ശ്രീനാരായണഗുരു അവസാനിപ്പിച്ച ദുരാചാരങ്ങൾ തിരിച്ചുവരുകയാണ്. 90ാമത് ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്‍റെ വികസനത്തെയും നവോത്ഥാന ചിന്തകളെയും യോജിപ്പിക്കുന്ന ഗുരുവിന്‍റെ കാഴ്ചപ്പാട് തന്നെയാണ് സർക്കാറും നടപ്പാക്കാൻ ശ്രമിക്കുന്നത്. യാഥാർഥ്യ രഹിതമായ വിഷയങ്ങളിലേക്ക് ജനങ്ങളെ നയിക്കുകയാണ് ചില മാധ്യമങ്ങൾ. ആഭിചാരം, ചാത്തൻ സേവ, മഷിനോട്ടം തുടങ്ങിയ പരസ്യങ്ങൾ മാധ്യമങ്ങൾ നൽകുന്നതോടെ ജനങ്ങൾ കെണിയിൽ വീഴുന്നു. ശിവഗിരിയുടെ പ്രവർത്തനങ്ങൾക്ക് തുടർന്നും സർക്കാറിന്‍റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. രാജ്യത്ത് വിഭാഗീയ, ശിഥിലീകരണ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതായി മുഖ്യാതിഥി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏകത്വ സങ്കൽപമാണ് ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ചതെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നരബലി പോലുള്ള ദുരാചാരങ്ങൾ ഗുരുവിന്‍റെ മണ്ണിൽ നടക്കുന്നത് ദുഃഖകരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. അടൂർ പ്രകാശ് എം.പി, സ്വാമി സൂക്ഷ്മാനന്ദ, വി. ജോയി എം.എൽ.എ, കെ.എം. ലാജി, കെ. മുരളീധരൻ, ഇൻഡ്രോയൽ സുഗതൻ, കെ.ജി. ബാബുരാജൻ, വണ്ടന്നൂർ സന്തോഷ്, മാത്യൂസ് വർഗീസ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ എന്നിവർ സംസാരിച്ചു. എം.എ. യൂസുഫലിയുടെ സന്ദേശം വായിച്ചു. ശിവഗിരി ഹൈസ്കൂളിന്‍റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ബഹുനില മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.