രാഹുല്‍ ഗാന്ധി പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് നീതിപൂര്‍വകമല്ലെന്നതിന്‍റെ തെളിവുകള്‍ -സണ്ണി ജോസഫ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്ന് വ്യക്തമായ തെളിവുകള്‍ സഹിതം ജനങ്ങള്‍ക്ക് വിശ്വസനീയമായ രീതിയിലാണ് രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇക്കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നീതിപൂര്‍വകമാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കേരളത്തിലെ വോട്ടര്‍ പട്ടികയെക്കുറിച്ചും പരാതികളുണ്ട്. വ്യാജവോട്ട്, ഇരട്ടവോട്ട് തുടങ്ങിയ ആക്ഷേപങ്ങള്‍ നേരത്തെ ഉന്നയിച്ചിട്ടുള്ളതാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അമേരിക്ക ഇന്ത്യയുടെ മേല്‍ ചുമത്തിയ പുതിയ തീരുവ കാര്‍ഷിക കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ 9-ാം തീയതി ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ഡി.സി.സികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ വിദേശനയത്തിന്റെ ഫലമായാണ് ഈ സാഹചര്യം ഉണ്ടായത്. രാജ്യത്തെ ആകെ ബാധിക്കുന്ന അമേരിക്കന്‍ തീരുവ കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നു സണ്ണി ജോസഫ് അറിയിച്ചു.

കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ എല്ലാ എം.പിമാരുമായും ചര്‍ച്ച നടത്തുന്നതിനാണ് ഡല്‍ഹിയില്‍ വന്നത്. എല്ലാവരോടും ഒന്നും രണ്ടും തവണ സംസാരിച്ചു. കേരളത്തില്‍ എം.എൽ.എമാരോടും മറ്റു നേതാക്കളോടും ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Tags:    
News Summary - Sunny Joseph rect to Rahul Gandhi Press Meet in Vote Chor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.