ഗള്‍ഫ് മേഖലയില്‍ യുദ്ധസമാന സാഹചര്യവും ആക്രമണങ്ങളും തുടരുന്നതിനാൽ കേരളത്തിൽനിന്നും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവിസുകളുടെ താളം തെറ്റല്‍ തുടരുന്നു. ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് അഞ്ച് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ മാത്രമാണ് അന്താരാഷ്ട്ര സെക്ടറിലേക്ക് വിമാനത്താവളത്തില്‍നിന്ന് നടന്നത്. 13 വിമാന സര്‍വിസുകള്‍ വ്യോമയാന പാതയിലെ പ്രശ്നങ്ങള്‍ കാരണം റദ്ദാക്കി. കരിപ്പൂരിലേക്ക് എത്തേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സര്‍വിസ് നടത്തിയിരുന്നില്ല.
മസ്കത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റേയും സലാം എയറിന്റേയും ഓരോ സര്‍വിസുകളും റിയാദിലേക്ക് ഫ്ലൈ നാസ്, സൗദി എയര്‍ലൈന്‍സ് എന്നിവയുടെ ഓരോ സര്‍വിസുകളും ക്വലാലംപൂരിലേക്ക് എയര്‍ റേഷ്യയുടെ ഒരു സര്‍വിസുമാണ് ചൊവ്വാഴ്ചയുണ്ടായത്. ഈ കേന്ദ്രങ്ങളില്‍നിന്ന് ഇതേ വിമാനങ്ങള്‍ കരിപ്പൂരില്‍ എത്തിയ ശേഷമായിരുന്നു തിരിച്ചുള്ള യാത്ര.
ചൊവ്വാഴ്ച അബൂദബിയിലേക്കുള്ള നാല് സര്‍വിസുകളും റാസല്‍ഖൈമ, ദോഹ, ദുബൈ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വിസുകള്‍ വീതവും ഷാര്‍ജ, ബഹറൈന്‍, അല്‍ഐന്‍ എന്നിവിടങ്ങളിലേക്കുള്ള ഓരോ സര്‍വിസുകള്‍ വീതവുമാണ് മുടങ്ങിയത്. നെടുമ്പാശേരിയിൽ നിന്ന് അഞ്ചു സർവിസുകൾ മാത്രമാണ് ഗൾഫ് മേഖലയിലേക്ക് ആകെയുണ്ടായത്. കൊച്ചിയിൽ നിന്നുള്ള 20 സർവിസുകളും കൊച്ചിയിലേക്കുള്ള 19 സർവിസുകളും റദ്ദാക്കി. ഒമാൻ എയർ മസ്കത്തിലേക്ക് രണ്ട് സർവിസ് നടത്തി. സൗദി എയർലൈൻസ് റിയാദിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മസ്ക്കത്തിലേക്കും എയർ അറേബ്യ ഷാർജയിലേക്കും സർവിസ് നടത്തി.
തിരുവനന്തപുരത്തുനിന്ന് ഗൾഫിലേക്കുള്ള വിമാന സർവിസുകൾ ചൊവ്വാഴ്ചയും കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 13 വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഗൾഫിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള 14 സർവിസുകളും റദ്ദാക്കി. ഷാർജ, കുവൈത്ത്, ദോഹ, അബൂദബി, ദുബൈ, ബഹ്റൈൻ, ദമ്മാം സർവിസാണ് റദ്ദാക്കിയത്. ഇതിൽ അഞ്ചെണ്ണംഅബൂദബിയിലേക്കും മൂന്നെണ്ണം ഷാർജയിലേക്കുമായിരുന്നു.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ബുധനാഴ്ച പുറപ്പെടേണ്ട ദോഹ, അബൂദബി, ഷാർജ, ദുബൈ വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാൽ, മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.