കൽപറ്റ: ‘‘ഇനി അവിടേക്ക് ഞാനില്ല...’’ -61 വയസ്സുള്ള ശാരദ സങ്കടം പറച്ചിലിനിടയിൽ കൂടക്കൂടെ ആവർത്തിക്കുകയാണ്. അപ്രതീക്ഷിതമായെത്തി സർവവും കവർന്ന ഉരുൾപൊട്ടലിെൻറ ആഘാതത്തിൽനിന്ന് ഇൗ അമ്മ മോചിതയായിട്ടില്ല. ഉരുൾപൊട്ടലിൽ ഇവരുടെ വീട് പൂർണമായും തകർന്നു. അമ്പതേക്കർ പ്രദേശത്ത് ഒറ്റക്കായിരുന്നു താമസം. ഇപ്പോൾ സുഗന്ധഗിരി ജി.യു.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. കൂടെയുണ്ടായിരുന്ന പലരും മഴ ശമിച്ചപ്പോൾ കെടുതികൾ ബാക്കിവെച്ച വീടുകളിലേക്ക് മടങ്ങി. എങ്ങോട്ട് പോകണമെന്നറിയാതെ ശങ്കിച്ചുനിൽപാണിവർ.
സുരക്ഷിതമായ മറ്റൊരിടത്ത് സർക്കാർ വീട് തരുമെന്ന പ്രതീക്ഷ മാത്രമാണ് ഇൗ വയോധികക്കുള്ളത്. പട്ടികജാതി-വർഗ കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സുഗന്ധഗിരിയിൽ മഴയകന്നിട്ടും 21 കുടുംബങ്ങളിലായി 54 പേരാണ് മൂന്നു ക്യാമ്പുകളിലായി ഇപ്പോഴും കഴിയുന്നത്. വീട് പൂർണമായി തകർന്നതിനാൽ താമസിക്കാൻ ഇടമില്ലാത്തവരാണ് ഭൂരിഭാഗവും. മണ്ണിടിഞ്ഞ് ഏതു നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലുള്ള വീട്ടിലേക്ക് ചെന്നുനോക്കാൻപോലും ഭയപ്പെടുന്നവരാണ് മറ്റു ചിലർ. കുറച്ച് ടാർപോളിൻ ഷീറ്റുകൾ നൽകിയാൽ തങ്ങൾ ക്യാമ്പ് വിടാം എന്നു പറയുന്നവരുമുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ െഷഡുകളിൽ താമസിച്ചിരുന്നവരാണിവർ.
ആഗസ്റ്റ് എട്ട് ഇന്നുമവർക്ക് നടുക്കുന്ന ഒാർമയാണ്. മരങ്ങൾ കടപുഴകുന്നതിെൻറയും വെള്ളം കുത്തിയൊഴുകുന്നതിെൻറയും ശബ്ദം ഇപ്പോഴുമിവരുടെ കാതുകളിൽ മുഴങ്ങുന്നു. പുലർച്ച മൂന്നു മണിയോടെയുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമാണ് ഇവർക്ക് കിടപ്പാടം നഷ്ടമായത്. അമ്പതേക്കർ പ്രദേശത്തെ കറുപ്പൻ, ഗിരീഷ്, ജോൺ എന്നിവരുടെ തറ മാത്രമാണ് ബാക്കിയായത്.
താമസിക്കാൻ കഴിയാത്തവിധം വീട് തകർന്നവർ നിരവധി. മണ്ണിടിഞ്ഞ് ഏതു നിമിഷവും തറപറ്റാവുന്ന നിലയിലും മുകളിൽനിന്ന് പാറകൾ വന്ന് പതിക്കാവുന്ന നിലയിലും അപകടാവസ്ഥയിലുള്ള വീടുകളുമുണ്ട്. കൃഷിയിടങ്ങളും ഒലിച്ചുപോയി. പ്രദേശത്തെ റോഡുകളും തകർന്നു. കല്ലുകളും മണ്ണും നിറഞ്ഞിരിക്കുകയാണ് റോഡിൽ. ഇപ്പോഴും സുഗന്ധഗിരിയിൽ കാണാനാകുന്നത് ദുരന്തമുണ്ടാക്കിയ പാടുകൾ മാത്രമാണ്. പ്രളയം സൃഷ്ടിച്ച കെടുതികളിൽനിന്ന് കരകയറാൻ ഇവർക്ക് ഇനിയും ഏറെ കാത്തിരിക്കണം.
അേമ്പ തകർന്ന് അമ്പതേക്കർ
സുഗന്ധഗിരിയിലെ അമ്പതേക്കർ പ്രദേശത്തെ പുഴ രണ്ടായി വിഭജിച്ചിരിക്കുകയാണ്. പാലവും റോഡും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുേപായി. ചിലയിടങ്ങളിൽ റോഡിെൻറ വശങ്ങളിടിച്ച് പുഴ വലുതായിരിക്കുന്നു. നടന്നുപോകാൻ വഴിപോലുമില്ലാതെ പ്രയാസത്തിലാണ് പ്രദേശവാസികൾ. പ്രദേശത്ത് 200ഒാളം കുടുംബങ്ങളുണ്ട്. ഇവിടെയാകെ പാറകളും കുന്നുകളുമാണ്. അമ്പതേക്കറുകാരുടെ ദുരിതാവസ്ഥ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് കുടുംബങ്ങൾ കഴിഞ്ഞിരുന്നത് ഭീതിയോടെയാണ്. ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ അനുഭവിച്ചിരുന്ന ദുരിതം ചെറുതല്ലെന്നും പ്രദേശവാസിയായ കെ. അശ്വതി പറഞ്ഞു. അതിന്മേലാണ് പ്രളയം വീണ്ടും ദുരിതം വിതച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.