കെ. ജയകുമാർ, ബി അശോക്

ദേവസ്വം ബോർഡ്: കെ. ജയകുമാറിന്റെ നിയമനം ചോദ്യം ചെയ്ത് ഐ.എ.എസ് ഉദ്യോഗസ്ഥൻ കോടതിയിൽ; ഹരജി അസാധാരണ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യവുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കോടതിയിൽ. ശബരിമലയിലെ സ്വർണകൊള്ള സർക്കാറിന് തലവേദന സൃഷ്ടിക്കുന്നതിനിടെ വിമർശനങ്ങളുടെ മൂർച്ച കുറക്കുന്നതിനായി റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനെ തിരക്കിട്ട് നിയമിച്ചതിലെ നിയമവിരുദ്ധത ചൂണ്ടികാട്ടി സംസ്ഥാന കാര്‍ഷിക ഉല്‍പാദന കമ്മിഷണര്‍ ഡോ.ബി. അശോകാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹരജി നൽകിയത്.

മുൻ ചീഫ് സെക്രട്ടറിയായ കെ. ജയകുമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ഐ.എം.ജിയുടെ ഡയറക്ടർ പദവിയിൽ നിലനിൽക്കെ സർക്കാർ ശമ്പളം പറ്റുന്ന മറ്റൊരു ബോഡിയിൽ പദവി വഹിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിൽ പരാതിക്കാരൻ ചൂണ്ടികാണിക്കുന്നത്. സർക്കാർ ശമ്പളം വാങ്ങുന്നയാൾ എങ്ങനെ ദേവസ്വംബോർഡ് അധ്യക്ഷനാകുമെന്ന് ഹരജിക്കാരൻ ചോദിച്ചു.

സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്ന് ഹരജിയില്‍ പറയുന്നു. അതേസമയം, തന്നെ നിയമിച്ചത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ മറുപടി പറയുമെന്നും കെ.ജയകുമാര്‍ പ്രതികരിച്ചു. ഐ.എം.ജി ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് പകരക്കാരന്‍ വരുന്നതു വരെ മാത്രമാണെന്നും, രണ്ട് പ്രതിഫലം പറ്റുന്നില്ലെന്നും ജയകുമാര്‍ പറഞ്ഞു.

കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി, ഐ.എം.ജി എന്നിവര്‍ക്കും തിരുവനന്തപുരം ജില്ലാ കോടതി നോട്ടിസ് അയച്ചു. 2026 ജനുവരി 15ന് കോടതിയില്‍ ഹാജരാകാനാണ് നോട്ടിസ്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ ബോറിസ് പോള്‍, അഡ്വ സാജന്‍ സേവ്യര്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരായി.

ഐ.എം.ജിയിൽ നിന്നും വിവരാവകാശ രേഖകകൾ പ്രകാരമാണ് ഹരജി നൽകിയത്. സർക്കാർ ജീവനക്കാരനോ, ഓഫീസറോ ദേവസ്വം ബോർഡ് അംഗമായിരിക്കരുതെന്ന് ബോർഡിന്റെ ചട്ടം നിർദേശിക്കുന്നുണ്ട്. ഈ നിർദേശത്തി​ന്റെ ലംഘനമാണ് ഇപ്പോൾ നടന്നത്. സർക്കാർ ജീവനക്കാരൻ ദേവസ്വം നിയന്ത്രിക്കരുതെന്നാണ് നിർദേശം. ദേവസ്വംബോർഡ് നിയമത്തിൽ ലംഘനം കണ്ടെത്തിയാൽ ഏ​ത് ഹിന്ദുവിനും പരാതി ഫയൽ ചെയ്യാം. അങ്ങനെയാണ് വകുപ്പ് എട്ട് അനുസരിച്ച് ചോദ്യം ചെയ്യുന്നത് -ബി. അശോക് പ്രതികരിച്ചു.

നേരത്തെ ഐ.എം.ജിയിൽ ഡയറക്ടർ ജനറൽ പദവിയിൽ ജയകുമാറിനെ നിയമിച്ചപ്പോഴും ബി.​​അശോകിന്റെ നേതൃത്വത്തിൽ സെൻ​ട്രൽ അഡ്മിനിസ്ട്രേറ്റീവ് ​ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. ഐ.എ.എസ് അസോസിയേഷനാണ് കേസ് നടത്തുന്നത്.

ബി. അശോകിനെ തള്ളി മുഖ്യമന്ത്രിയുടെ പ്രതിരോധം

കെ.ജയകുമാറിന്റെ നിയമന​ത്തെ ചോദ്യം ചെയ്തുള്ള സർക്കാർ ജീവനക്കാരന്റെ ഹരജിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഹരജി അസാധാരണ നടപടിയെന്നായിരുന്നു എറണാകുളത്തു നടന്ന മീറ്റ് ദ പ്രസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. വിരമിച്ച ഉദ്യോഗസ്ഥാനാണ് പുതുതായി നിയമിതനായ ദേവസ്വം ബോർഡ് പ്രസിഡന്റ്. നിഷ്പക്ഷമായി കാര്യങ്ങൾനിർവഹിക്കാൻ കഴിയുന്ന ആളാണ് അദ്ദേഹം -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Devaswom Board President: IAS officer moves court questioning K. Jayakumar's appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.