സുധാകരൻ പറഞ്ഞത് കണ്ണൂരുകാർ സാധാരണ പറയുന്ന വാക്ക് -വി.ഡി. സതീശൻ; മലബാറില്‍ സാധാരണ പറയുന്ന ഉപമ മാത്രം -സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി ചങ്ങല പൊട്ടിച്ച നായെ പോലെ തേരാപാര നടക്കുകയാണെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പരാമർശം കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അത് അടഞ്ഞ അധ്യായമാണെന്നും പരാമർശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരൻ വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ പരാമർശം ഇടത് മുന്നണി തൃക്കാക്കരയിൽ ആയുധമാക്കുന്നതിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് നീക്കം. തൃക്കാക്കരയിൽ സി.പി.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. അതേസമയം, മലബാറില്‍ സാധാരണയായി പറയുന്ന ഉപമ മാത്രമാണ് താൻ പിണറായിയെ കുറിച്ച് പറഞ്ഞതെന്ന് സുധാകരൻ പറഞ്ഞു. 'മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് എന്നത് ഞാന്‍ എന്നെക്കുറിച്ചും പറയാറുണ്ട്. അത് യാത്രയെക്കുറിച്ചാണ് പറയുന്നത്' -സുധാകരൻ വിശദീകരിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക് കത്തോലിക്ക സഭയെ വലിച്ചിഴച്ചത് സി.പി.എമ്മാണെന്നും കോൺഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടി​ല്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സഭ കോൺഗ്രസിനോട് പോലും സ്ഥാനാർഥി വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

വിവാദ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷനെതിരെ സി.പി.എം നിയമ നടപടി സ്വീകരിച്ചേക്കും. നിയമനടപടിയെ കുറിച്ച് സിപിഎം ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പി. രാജീവ്‌ അറിയിച്ചു. ബൂത്ത് തലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Sudhakaran's statement against pinarayi vijayan is common word among the people of Kannur says VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.