‘നേരില്‍ കാണണമെന്ന് കരുതി, കാത്തുനില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി’; അനുശോചിച്ച് വി.ഡി. സതീശൻ

കോഴിക്കോട്: നടൻ ശ്രീനിവാസന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസന്‍ എന്ന് വി.ഡി. സതീശൻ അനുശോചിച്ചു.

തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും.

പ്രിയദര്‍ശന്‍ ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു. അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവര്‍ത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകള്‍ ആകുന്നതും അങ്ങനെയാണ്.

അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി ശ്രീനിവാസന്‍ എഴുതി, അഭിനയിച്ച് ഫലിപ്പിച്ചു. അതില്‍ നഗ്‌നമായ ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, നിഷ്‌കളങ്കമായ സ്‌നേഹമുണ്ട്, സൗഹൃദമുണ്ട്, വെറുപ്പും പ്രതികാരവുമുണ്ട്, നെഞ്ചില്‍ തറക്കുന്ന ആക്ഷേപഹാസ്യമുണ്ട്, നിശിതമായ വിമര്‍ശനമുണ്ട്, അപ്രിയ സത്യങ്ങളുമുണ്ട്. ശ്രീനിവാസന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേരള സമൂഹത്തിന് വലിയ വലിയ സന്ദേശമാണ് നല്‍കിയത്.

ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളി ഉണ്ടാകില്ല. അതില്‍ ദേശ, പ്രായ, ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ല. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഞാനും ശ്രീനിവാസനെ ഓര്‍ത്തിരുന്നു. സന്ദേശത്തിലെ വാചകങ്ങള്‍ ഓര്‍ത്തെടുത്തു. ശ്രീനിവാസന്‍ എന്ന പ്രതിഭക്ക് ബിഗ് സല്യൂട്ട് നല്‍കി. എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി. മലയാള സിനിമയില്‍ ഞാന്‍ കണ്ട അതുല്യ പ്രതിഭക്ക്, നിഷ്‌കളങ്കനായ മനുഷ്യന്, മനുഷ്യ സ്‌നേഹിക്ക്, പ്രിയ സുഹൃത്തിന് വിട.

ഇന്ന് രാവിലെയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.

Tags:    
News Summary - VD Satheesan Condolence of Actor Sreenivasan Demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.