‘ഈ ദിവസം നിങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്?’; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി സുധാമേനോൻ

കോഴിക്കോട്: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എഴുത്തുകാരി സുധാമേനോൻ. ഈ ദിവസം നിങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണെന്ന് സുധാമേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതിവേഗം വംശീയവൽക്കരിക്കപ്പെടുന്ന, വലതുവൽക്കരിക്കപ്പെടുന്ന ഒരു രാജ്യത്ത്, എല്ലാ പ്രതിബന്ധങ്ങളെയും പരിഹാസങ്ങളെയും അതിജീവിച്ചു കൊണ്ട് പൊരുതിക്കൊണ്ടിരിക്കുന്നതിന് നന്ദി. ഇനിയും കൂടുതൽ ശക്തമായി പൊരുതുകയെന്നും ഒപ്പമുണ്ടാകുമെന്നും സുധാമേനോൻ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

സുധാമേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ ദിവസം നിങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ പിന്നെ എപ്പോഴാണ്? അതിവേഗം വംശീയവൽക്കരിക്കപ്പെടുന്ന, വലതുവൽക്കരിക്കപ്പെടുന്ന ഒരു രാജ്യത്ത്, എല്ലാ പ്രതിബന്ധങ്ങളെയും പരിഹാസങ്ങളെയും അതിജീവിച്ചു കൊണ്ട് പൊരുതിക്കൊണ്ടിരിക്കുന്നതിന് നന്ദി... ഇനിയും കൂടുതൽ ശക്തമായി പൊരുതുക... ഒപ്പമുണ്ടാകും...

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമീഷനെതിരെ വിമർശനവുമായി സുധാമേനോൻ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ അത്ഭുതം തോന്നിയില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ പോലും എൻ.ഡി.എ ഘടകകക്ഷിയെ പോലെയാണ് പെരുമാറിയതെന്നും സുധാമേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

പുതിയ തലമുറക്കും ജനകീയഭാവനകള്‍ക്കും യോജിക്കുന്ന രീതിയില്‍ കോൺഗ്രസ് സ്വയം നവീകരിക്കണം. ഉള്‍പാര്‍ട്ടി ജനാധിപത്യവല്‍ക്കരണത്തിന് ഉപാധികള്‍ ഇല്ലാതെ വിധേയമാകാനും നെഹ്രുവിയന്‍- ഗാന്ധിയന്‍- അംബേദ്‌കര്‍ ആശയധാരകളുടെ സമകാലികമായ വ്യാഖ്യാനങ്ങളിലൂടെ ഹിന്ദുത്വത്തിന് ഒരു ബദല്‍ നരേറ്റീവ് ഉണ്ടാക്കാനും അത് ജനമനസ്സിലേക്ക് ആവിഷ്കരിക്കാനും കഴിയുമെങ്കില്‍ കോണ്‍ഗ്രസ് ഇനിയും ഇന്ത്യയില്‍ നിലനില്‍ക്കുമെന്നും സുധാമേനോൻ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

''സ്ത്രീകൾക്ക് ‘പതിനായിരം രൂപ’ പ്രഖ്യാപിച്ചപ്പോൾ തന്നെ ഫലം ഉറപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് ഇന്ന് വലിയ നിരാശയില്ല.ഗുജറാത്തടക്കം അന്യസംസ്ഥാനങ്ങളിൽ ജോലി ചെയുന്ന ധാരാളം ബീഹാറികൾ ഒരാഴ്ച്ച മുന്നേ നാട്ടിൽ പോയിരുന്നു..കുടുംബമടക്കം! ടിക്കറ്റ് വരെ എടുത്തുകൊടുക്കാൻ ആളുണ്ടാകാം. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ വലിയ അത്ഭുതം തോന്നിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും NDA ഘടകകക്ഷിയെപ്പോലെ പെരുമാറിയ തിരഞ്ഞെടുപ്പ് ആണ് എന്നോർക്കണം. SIR വഴി ഒഴിവാക്കപ്പെട്ട വോട്ടുകൾ ആരുടേതാണ് എന്നും എങ്ങനെയാണ് അത് NDA യെ സഹായിച്ചത് എന്നും കാണാൻ കമന്റ് നോക്കുക.

ഇതൊക്കെയാണെങ്കിലും,ഒരു കാര്യം പറയാതെ വയ്യ. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായ ഏറ്റവും പ്രസക്തമായ ഒരു മാറ്റം ‘രക്ഷാകര്‍തൃത്വരാഷ്ട്രീയത്തിന്റെ കടന്നു വരവാണ്.ക്ഷേമപദ്ധതികള്‍, ഭക്ഷണകിറ്റുകള്‍, ഡയരക്ട്റ്റ് ക്യാഷ് ട്രാന്‍സ്ഫര്‍ തുടങ്ങിയവ സ്റ്റേറ്റിന്റെ ഉദാരതയായി വാഴ്ത്തപ്പെടുകയും അത് പല തിരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്തു. കേഡര്‍പാര്‍ട്ടികള്‍ തങ്ങളുടെ പ്രാദേശികശക്തിയും സ്വാധീനവും ഉപയോഗിച്ച് ഈ രക്ഷാകര്‍തൃത്വവും നായകബിംബവും വോട്ടാക്കി മാറ്റിയപ്പോള്‍, ലാസ്റ്റ്മൈല്‍ കണക്ടിവിറ്റി ഇല്ലാത്ത കോണ്‍ഗ്രസ്സിനെയാണ് ഈ മാറ്റം ഏറ്റവുമധികം ബാധിച്ചത്.

അതുകൊണ്ടുതന്നെ ഒരു കാര്യം ഉറപ്പാണ്. താഴെ തട്ടിലുള്ള സംഘടനാപരമായ സമ്പൂര്‍ണ്ണനവീകരണത്തിലൂടെ മാത്രമേ നഷ്ടപ്പെട്ടുപോയ സ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യഭൂപടത്തില്‍ കോണ്‍ഗ്രസ്സിന് തിരികെപിടിക്കാന്‍ കഴിയുകയുള്ളൂ.

മിക്ക സംസ്ഥാനങ്ങളിലും, കോണ്‍ഗ്രസ് ഇപ്പോഴും നിലനില്‍ക്കുന്നത് വ്യക്തികളെയും ഗ്രൂപ്പുകളെയും കേന്ദ്രീകരിച്ചുള്ള പ്രാദേശികലോയല്‍റ്റി കൂട്ടായ്മ ആയിട്ടാണ്.തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സജീവമാകുന്ന ഇത്തരം ‘ആള്‍ക്കൂട്ട’ത്തെ മാത്രം ആശ്രയിച്ച് കോണ്‍ഗ്രസ് നേരിടുന്നത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനസജ്ജമായ ബിജെപിയെയും അവരുടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പ്രതിജ്ഞാബദ്ധതയെയുമാണ്‌ എന്നോര്‍ക്കണം. സംഘടന ദുര്‍ബലമായത്തോടെ നേതാക്കള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുകയും ഭൂമിശാസ്ത്രപരമായും, സാമൂഹ്യമായും കോണ്‍ഗ്രസ്സിന്റെ വോട്ടുബാങ്ക് കൂടുതല്‍ ശുഷ്കിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും ജനാധിപത്യ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനും, പ്രാദേശികമായി ജനപിന്തുണയുള്ള നേതാക്കളെ ജൈവികമായി വളര്‍ത്തിയെടുക്കാനും ഉള്ള ഉത്തരവാദിത്വം ഇനിയെങ്കിലും കോണ്‍ഗ്രസ് കാണിക്കണം. മാറിയ സാഹചര്യത്തില്‍ ബിജെപിയെപ്പോലുള്ള അടിത്തട്ടില്‍ വേരുള്ള കേഡര്‍പാര്‍ട്ടികളെ നേരിടാനും, ബൂത്ത് തലമാനെജ്മെന്റ് കാര്യക്ഷമമായി നടത്താനും, ക്ഷേമപരിപാടികളുടെ ഗുണഭോക്താക്കളെ നേരിട്ട് കണ്ടു ബോധ്യപ്പെടുത്താനും പാർട്ടിക്ക് കഴിയാതെ പോകുന്നത് അടിത്തട്ടിൽ പാർട്ടി സംവിധാനം ഇല്ലാത്തത് കൊണ്ടാണ്.

കോണ്‍ഗ്രസിന് നിരവധി പോരായ്മകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അപ്രസക്തമായിട്ടൊന്നുമില്ല. ഇപ്പോഴും ഏകദേശം പത്തിലധികം സംസ്ഥാനങ്ങളില്‍ ഇരുപതു ശതമാനത്തിലധികം വോട്ടുഷെയര്‍ ഉള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. ഈ മഹാരാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളെയും, ഭൂമിശാസ്ത്രത്തെയും പ്രതിഫലിപ്പിക്കുന്ന ഇന്ത്യയിലെ ഏക ‘സോഷ്യല്‍ ഡെമോക്രാറ്റിക് അംബ്രല്ലാ പാര്‍ട്ടി. പാർട്ടി എന്നതിലപ്പുറം അതൊരു ’ആശയം‘ കൂടിയായത് കൊണ്ടാണ് കോൺഗ്രസ് മുക്ത ഭാരതം മാത്രം എപ്പോഴും ബിജെപിയുടെ അജണ്ട ആകുന്നത്.

അതുകൊണ്ട് തന്നെ, പുതിയ തലമുറക്കും ജനകീയഭാവനകള്‍ക്കും യോജിക്കുന്ന രീതിയില്‍ സ്വയം നവീകരിക്കാനും, ഉള്‍പാര്‍ട്ടിജനാധിപത്യവല്‍ക്കരണത്തിന് ഉപാധികള്‍ ഇല്ലാതെ വിധേയമാകാനും, നെഹ്രുവിയന്‍- ഗാന്ധിയന്‍- അംബേദ്‌കര്‍ ആശയധാരകളുടെ സമകാലികമായ വ്യാഖ്യാനങ്ങളിലൂടെ ഹിന്ദുത്വത്തിന് ഒരു ബദല്‍നരേട്ടീവ് ഉണ്ടാക്കാനും അത് ജനമനസ്സിലേക്ക് ആവിഷ്കരിക്കാനും കഴിയുമെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇനിയും ഇന്ത്യയില്‍ നിലനില്‍ക്കും. ഉറപ്പാണ്.അതിനുള്ള ദീര്‍ഘവീക്ഷണം കോണ്‍ഗ്രസ്സിന് ഉണ്ടാകട്ടെ''.

Tags:    
News Summary - Sudha Menon support to Rahul Gandhi in Bihar Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.