കോഴിക്കോട്: തദ്ദേശഭരണ വകുപ്പിനു കീഴിൽ കില നടത്തുന്ന പരിശീലനങ്ങളിൽ പകരക്കാർ പങ്കെടുക്കുന്നത് വർധിക്കുന്നു. പങ്കെടുക്കുന്നവരെക്കുറിച്ചുള്ള കൃത്യമായ പരിശോധനയോ തെരഞ്ഞെടുപ്പോ ഇല്ലാതെ ആളെക്കൂട്ടി പരിശീലനം നടത്തി കേന്ദ്ര ഫണ്ട് പാഴാക്കുകയാണെന്ന് ആക്ഷേപമുണ്ട്. അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പരിശീലന കേന്ദ്രങ്ങളായതിനാൽ ഒരേ പഞ്ചായത്തിലെ ഒരേ അംഗങ്ങൾ ഒരേ പരിശീലനത്തിന് നിരവധി പ്രാവശ്യം പങ്കെടുക്കുന്ന സ്ഥിതിയാണ്.
ഉല്ലാസയാത്ര പ്രാധാന്യമുള്ള സ്ഥലത്താകുന്നതിനാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കേണ്ടതിനു പകരം താൽപര്യക്കാരെയും പകരക്കാരെയും തദ്ദേശഭരണ സ്ഥാപനങ്ങൾ പരിശീലനങ്ങൾക്ക് ചട്ടവിരുദ്ധമായി അയക്കുന്നത് വർധിക്കുകയാണ്. ആളെണ്ണം തികക്കുന്നതിനാണ് ചട്ടവിരുദ്ധ നടപടി. എൽ.എസ്.ജി.ഡിയുടെ ഇലക്ഷൻ സൈറ്റിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേരും തെരഞ്ഞെടുപ്പ് നടന്ന വർഷവും ടൈപ് ചെയ്താൽ മെംബർമാരുടെ പേരും വാർഡും പാർട്ടിയും ഫോൺ നമ്പറും എല്ലാം ലഭ്യമാണെന്നിരിക്കെയാണ് ഈ ആൾമാറാട്ടം അനുവദിക്കുന്നത്.
അട്ടപ്പാടി കില സെന്റർ ഫോർ ട്രൈബൽ ഡെവലപ്മെന്റ് ആൻഡ് നാച്വറൽ റിസോഴ്സ് മാനേജ്മെൻറിൽ നടന്ന ‘നീർത്തടാധിഷ്ഠിത വികസനം: പ്രാഥമിക പാഠങ്ങളും അനുഭവങ്ങളുടെ നേർക്കാഴ്ചകളും’ പരിശീലനത്തിന് തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് പങ്കെടുത്തവരിൽ ജനപ്രതിനിധികളോ നിർവഹണ ഉദ്യോഗസ്ഥരോ എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥരോ അല്ലാത്തവരും പങ്കെടുത്തിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ ഒരു ഗ്രാമപഞ്ചായത്തിൽനിന്ന് പരിശീലനത്തിൽ നാലു മെംബർമാർക്കു പുറമെ ടാക്സി ഡ്രൈവറും ജനപ്രതിനിധി എന്ന ലേബലിൽ പങ്കെടുത്തു.
മൂന്നുദിവസമായിരുന്നു പരിശീലനം. 2025 സെപ്റ്റംബറിലും ഇതേ മെംബർമാർ വീണ്ടും പങ്കെടുത്തു. ടാക്സി ഡ്രൈവർ, പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്ത മെംബറുടെ പേരിൽ ആൾമാറാട്ടം നടത്തി പങ്കെടുക്കുകയും രേഖകളിൽ മെംബറുടെ വ്യാജ ഒപ്പിടുകയും ചെയ്തു. പരിശീലനത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് വാങ്ങി സൂക്ഷിക്കാത്തതും പരിശീലനത്തിന് തലേദിവസം പോലും ആളെ അന്വേഷിക്കുന്നതും രജിസ്ട്രേഷൻ നടക്കുമ്പോൾ ഐ.ഡി കാർഡ് പരിശോധിക്കാത്തതും ഗുരുതര അഴിമതികൾക്കിടയാക്കുകയാണ്. രേഖകൾ പരിശോധിക്കുകയാണെങ്കിൽ ഇത്തരം അഴിമതി നടക്കില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. കേരളത്തിൽ അഞ്ചു സെന്ററുകളാണ് കിലക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.