വൈത്തിരി (വയനാട്): മൈഗ്രെഷൻ പഠനവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ പോയ പൂക്കോട് ജവാഹർ നവോദയ സ്‌കൂളിലെ വിദ്യാർഥികൾ തിരിച്ചെത്തി. 20 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ബസ് മാർഗം എത്തിച്ചേർന്നത്.
മെയ് ആറിന് രാവിലെ നൈനിറ്റാളിൽനിന്ന് പുറപ്പെട്ട് ഏഴിന് വൈകിട്ട് മധ്യപ്രദേശിലെ സിയോനി എന്ന സ്ഥലത്തെത്തി അവിടെ തങ്ങി. നൈനിറ്റാളിൽനിന്ന് പൂക്കോട് വന്നുപഠിക്കുന്ന 21 വിദ്യാർഥികളുമായി പോയ ബസ് സിയോനിയിലെത്തി. പൂക്കോട്ടുനിന്ന് പുറപ്പെട്ട കുട്ടികളെ അവിടെ ഇറക്കുകയും പൂക്കോട്ടുള്ള കുട്ടികളെ അതേ ബസിൽ കയറ്റി വരികയുമായിരുന്നു.
ലോക്ഡൗൺ കാരണം പലയിടത്തും കർശന പരിശോധനയുണ്ടായിരുന്നു. റെഡ് സോണും ഹോട്സ്പോട്ടുമുള്ള സ്ഥലങ്ങളിൽ കടക്കാതെ പല വഴികളിലൂടെമായിരുന്നു യാത്രയെന്ന് കൂടെ പോയ അധ്യാപകരിലൊരാളായ അമൽ പറഞ്ഞു.
വരുന്ന വഴികളിലുള്ള നവോദയ സ്‌കൂളുകളിലായിരുന്നു താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. ഒരു വർഷം മുമ്പാണ് പൂക്കോട്ടുനിന്ന് 21 കുട്ടികൾ നൈനിറ്റാളിലേക്കും 21 കുട്ടികൾ അവിടെനിന്ന് പൂക്കോടേക്കും വന്നത്. ഇതിൽ ഒരു വിദ്യാർത്ഥി സുഖമില്ലാത്തതുകാരണം നേരത്തെ തിരിച്ചുവന്നിരുന്നു. എട്ടു ആൺകുട്ടികളും 12 പെൺകുട്ടികളുമാണ് ഞായറാഴ്ച എത്തിച്ചേർന്നത്. ബിജു, നാഥുറാം വർമ്മ എന്നീ അധ്യാപകരും കൂടെ പോയിരുന്നു.
വിദ്യാർഥികൾ സുരക്ഷിതരായി എത്തുകയും അതോടൊപ്പം നൈനിറ്റാളിലെ കുട്ടികൾ അവിടെ എത്തുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അരവിന്ദാക്ഷൻ പറഞ്ഞു. കുട്ടികളെ സ്‌കൂൾ ഹോസ്റ്റലിൽ ക്വാറൈൻറനിൽ ആക്കിയിരിക്കുകയാണ്. രക്ഷതാക്കൾക്കും കുട്ടികളെ കാണാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.