'പ്രിൻസിപ്പലിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, റിയാക്ട് ചെയ്തത് പി.ടി.എ പ്രസിഡന്റിനെതിരെ'; വിശദീകരണവുമായി വിദ്യാർഥികൾ
മീനങ്ങാടി: മീനങ്ങാടി എച്ച്.എസ്.എസിലെ ഹയർസെക്കൻഡറി വിദ്യാർഥികളുടെ വിനോദയാത്രക്കിടെ പി.ടി.എ പ്രസിഡന്റും പ്രിൻസിപ്പലും മദ്യപിച്ചെന്ന് ആരോപണത്തിൽ വ്യക്തതവരുത്തി വിദ്യാർഥികൾ. വിനോദയാത്രക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചുവെന്ന രീതിയിൽ ഉയർന്ന ആരോപണം തെറ്റാണെന്നും വിദ്യാർഥികൾ ആരും പ്രിൻസിപ്പലിനെതിരെ ആരോപണം ഉയർത്തിയിട്ടില്ലെന്നും യാത്രയിലുണ്ടായിരുന്ന വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിച്ചതോടെ വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നു തടയുകയും സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ അധ്യാപകനെ രക്തപരിശോധനക്കായി കൊണ്ടുപോവുകയും ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണവുമായി കുട്ടികൾ രംഗത്തുവരുകയായിരുന്നു.
ഞായറാഴ്ചയാണ് വിദ്യാർഥികൾ മൂന്ന് ബസുകളിൽ ഹൈദരാബാദിലേക്ക് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച മടങ്ങിവരുന്നതിനിടെ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഹാജിസ് ഉള്ളാടൻ മദ്യപിച്ച് ബസിൽ കയറിയെന്നാണ് വിദ്യാർഥികൾ ആരോപിച്ചത്. തുടർന്ന്, വിദ്യാർഥികൾ പ്രതിഷേധിച്ചതിന് പിന്നാലെ ഹാജിസിനെ വഴിയിൽ ഇറക്കിയെന്നും തുടർന്ന് ട്രാവൽ ഏജൻസിയുടെ മറ്റൊരു വാഹനത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു. മദ്യലഹരിയിലിരിക്കുന്ന പി.ടി.എ പ്രസിഡന്റിന്റെ ദൃശ്യങ്ങൾ പകർത്തി വിദ്യാർഥികൾ രക്ഷിതാക്കൾക്ക് അയച്ചിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കൾ സ്‌കൂളിലെത്തുകയായിരുന്നു.
പി.ടി.എ പ്രസിഡന്റിനെതിരേ പരാതി ഉന്നയിച്ച സമയത്ത് പ്രിൻസിപ്പൽ കുട്ടികളുടെ ആശങ്കകൾ കേൾക്കാനോ, പ്രശ്നം പരിഹരിക്കാനോ ശ്രമിച്ചില്ലെന്നും അതിനാൽ പ്രിൻസിപ്പലും മദ്യപിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ, വിദ്യാർഥികൾ ബഹളമുണ്ടാക്കിയപ്പോൾ പി.ടി.എ പ്രസിഡന്റിനെ ബസിൽനിന്ന് ഇറക്കിവിട്ടുവെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പറഞ്ഞു. ഇതിനിടയിൽ രക്ഷിതാക്കൾ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
'പി.ടി.എ പ്രസിഡന്റിന് മദ്യത്തിന്റെ ദുർഗന്ധം ഉണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ നടപടിയെടുത്തു, ഞങ്ങൾ പ്രിൻസിപ്പലിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, പ്രിൻസിപ്പൽ മദ്യപിച്ചിരുന്നെങ്കിൽ പി.ടി.എ പ്രസിഡന്റിന്റെ കാര്യത്തിൽ പ്രതികരിച്ചതുപോലെ അപ്പോൾ ഞങ്ങൾ റിയാക്ട് ചെയ്യുമായിരുന്നു. പ്രിൻസിപ്പൽ പൂർണമായും നിരപരാധിയാണ്.' വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ പുറത്തുവിട്ട വിഡിയോയിൽ പി.ടി.എ പ്രസിഡന്റിനെതിരെ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. പ്രിൻസിപ്പലിനെതിരെയും ഞങ്ങൾ സംസാരിച്ചു എന്ന തരത്തിലാണ് പിന്നീട് വാർത്തകൾ വന്നത്. ആരാണ് അങ്ങനെ പ്രചരിപ്പിച്ചതെന്ന് അറിയില്ലെന്നും' വിദ്യാർഥികൾ പറഞ്ഞു.
വിനോദയാത്ര കഴിഞ്ഞെത്തിയ പ്രിൻസിപ്പലിനെ സ്‌കൂൾ വളപ്പിൽ കയറാൻ സമ്മതിക്കാതെ ചില രക്ഷിതാക്കൾ തടഞ്ഞുവെക്കുകയും മെഡിക്കൽ പരിശോധന നടത്തണമെന്ന് വാശിപിടിക്കുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് പരിശോധനക്ക് അയക്കുകയായിരുന്നു. എന്നാൽ, അപ്പോഴും താൻ മദ്യപിച്ചിട്ടില്ലെന്നും കുട്ടികൾ തനിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നുമുള്ള നിലപാടിലാണ് പ്രിൻസിപ്പൽ ഉറച്ചുനിന്നിരുന്നത്. സംഭവത്തിൽ മെഡിക്കൽ പരിശോധനാഫലം വന്നാൽ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.