അന്ന് ഗെയിം ഷോ വേദിയിൽ, ഇന്ന് അച്ഛന്റെ മരണത്തിൽ നീതിക്കായി പോരാട്ടം; ഭദ്രകീർത്തിയുടെ ജീവിതവഴികൾ
കൊച്ചി: അച്ഛന്റെ മരണത്തിൽ നീതിക്കായി പോരാട്ടം നടത്തുന്ന ഭദ്രകീർത്തിയെന്ന യുവതി നാടിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. അച്ഛൻ ജയബാലകൃഷ്ണനെ ബെൻസ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ 17കാരനും ജഡ്ജിയായ പിതാവിനുമെതിരെ നിയമപോരാട്ടത്തിലാണ് ഈ 24കാരി.
കണ്ടെയ്നർ റോഡിൽ ചേരാനല്ലൂരിൽ വെച്ച്, സ്കൂട്ടറിൽ സഞ്ചരിച്ച ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണൻ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് ബെൻസ് കാറിടിച്ച് മരിച്ചത്.
പ്രതിയെ രക്ഷിക്കാൻ പൊലീസ് ആദ്യം വഴിയൊരുക്കിയപ്പോൾ, അച്ഛന്റെ സംസ്കാരത്തിന് പിന്നാലെ ഭദ്രകീർത്തിയും സഹോദരങ്ങളും ആരംഭിച്ച പ്രതിഷേധം വിജയം കാണുകയായിരുന്നു.
പഠനം പൂർത്തിയാക്കി അച്ഛനെ സാമ്പത്തികമായി സഹായിക്കുക എന്ന സ്വപ്നത്തോടെ ജോലിയിൽ പ്രവേശിച്ച് രണ്ട് മാസത്തിനകം അച്ഛനെ നഷ്ടപ്പെട്ട വേദനയിലാണ് ഈ മകൾ നീതിക്കായി തെരുവിലിറങ്ങിയത്.
ഇപ്പോൾ രണ്ടുവർഷം മുമ്പ് മഴവിൽ മനോരയിലെ ‘ഉടൻ പണം’ ഗെയിം ഷോയിൽ ഭദ്രകീർത്തി പങ്കെടുത്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
എം.എസ്.സി പഠനകാലത്താണ് ഭദ്രകീർത്തി ഗെയിം ഷോയിൽ പങ്കെടുത്തത്. നന്നായി പഠിച്ച് പി.എച്ച്ഡി എടുത്ത് ‘ഡോ. ആർ.ജെ. ഭദ്രകീർത്തി’ ആകണമെന്നതായിരുന്നു അന്ന് അവതാരകരോട് പറഞ്ഞത്.
തന്റെ പേരിൽ മാത്രമല്ല അച്ഛൻ മക്കൾക്കിട്ട മൂന്ന് പേരുകളിലും കൗതുകമുണ്ടെന്ന് അന്ന് ഭദ്ര പറഞ്ഞിരുന്നു. ആർ.ജെ. ഭരത് ശങ്കർ എന്നാണ് ജ്യേഷ്ഠന്റെ പേര്. അനിയൻ ‘ആർ.ജെ. ഭാഗ്യദർശൻ ശക്തി’.
സൗത്ത് ചിറ്റൂരിൽ അച്ഛൻ നടത്തുന്ന 'ബാലേട്ടൻ ദോശക്കട' എന്ന തട്ടുകടയെക്കുറിച്ചും അതിന് പിന്നിലെ കുടുംബത്തിന്റെ അധ്വാനത്തെക്കുറിച്ചും ഭദ്രകീർത്തി ഷോയിൽ പറയുന്നുണ്ട്.
കുട്ടിദോശക്കും ഓംലെറ്റിനും പേരുകേട്ടതാണ് കടയെന്നും മുമ്പ് എറണാകുളത്തും വരാപ്പുഴയിലും ഹോട്ടലുകൾ അമ്മ നോക്കിനടത്തിയിരുന്നുവെന്നും വിശദീകരിക്കുന്നു. പിന്നീട് ഹോട്ടലുകൾ അടച്ചുപൂട്ടിയെന്നും ഇപ്പോൾ തട്ടുകടമാത്രമാണ് ഉള്ളതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.