മഹാരാജാസ് കോളജിൽ റോജി എം. ജോണിനെ വളഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം; പ്രസംഗം നിർത്തി വേദി വിട്ട് മന്ത്രി

കൊച്ചി: മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം. മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പ്രവർത്തകർ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്. മന്ത്രിയെ വളഞ്ഞുനിന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ചടങ്ങ് ആരംഭിച്ചത്. മന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ, കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് സദസ്സിൽനിന്ന് വിദ്യാർഥികൾ പ്ലക്കാർഡുകൾ ഉയർത്തി മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പ്രസംഗത്തിനുശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. മന്ത്രി പ്രസംഗം തുടർന്നെങ്കിലും പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പിന്നാലെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദി വിട്ടുപോവുകയായിരുന്നു.

വേദിയിൽനിന്ന് പുറത്തേക്ക് പോയ മന്ത്രിയെ പിന്തുടർന്നും വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു. കാലടി സർവകലാശാലയിലെ വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ലൈറ്റുകൾ തകരാറിലായതിൽ പ്രതിഷേധിച്ച് നടത്തിയ നാടകത്തെ ശവമഞ്ചം ഒരുക്കിയുള്ള പ്രതിഷേധമായാണ് മന്ത്രി ഉൾപ്പെടെയുള്ളവർ വിശേഷിപ്പിച്ചതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.

പ്രതിഷേധം സമാധാനപരമായിരുന്നുവെന്നാണ് എസ്എഫ്ഐ എറണാകുളം ജില്ല സെക്രട്ടറിയുടെ വിശദീകരണം. ബിരുദദാന ചടങ്ങ് തടസപ്പെടുത്തുകയോ മന്ത്രിയെ ആക്രമിക്കുകയോ ചെയ്യുകയായിരുന്നില്ല ലക്ഷ്യമെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി തേടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജിലെ വിദ്യാർഥി യൂനിയൻ ഭാരവാഹി മന്ത്രിയോട് ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ മറുപടി നൽകാതെ വേദി വിടുകയായിരുന്നുവെന്നാണ് എസ്എഫ്ഐ പറയുന്നത്.

സംഭവത്തിൽ പ്രതിഷേധവുമായി ടി.ജെ. വിനോദ് എം.എൽ.എ രംഗത്തെത്തി. അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏകദേശം 500 വിദ്യാർഥികളുടെ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി ബിരുദദാനങ്ങൾ ഉൾപ്പെട്ട സുപ്രധാന ചടങ്ങാണ് പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ദീർഘകാല കാത്തിരിപ്പിനും അഭിമാനത്തിനും സാക്ഷിയാകേണ്ടിയിരുന്ന ചടങ്ങ് അലങ്കോലപ്പെടുത്തിയത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - SFI Protests Against Roji M. John at Maharaja’s College; Minister Stops Speech and Walks Off the Stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.