ഒരു നിക്ഷേപകനും പണം നഷ്ടമാകില്ല; ആവശ്യപ്പെട്ടാൽ തിരികെ നൽകുമെന്ന് ബിഎൽഎം കമ്പനി

കോഴിക്കോട്: ഭാരത്‌ ലെജ്‌ന മൾട്ടി സ്റ്റേറ്റ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിക്കെതിരെ (ബി.എൽ.എം) ഉയർന്നുവന്ന നിക്ഷേപ തട്ടിപ്പ് ആരോപണങ്ങളിൽ ഒരാൾക്കും പണം നഷ്ടമാവില്ലെന്നും ആവശ്യമുള്ള നിക്ഷേപകർക്ക് തുക തിരികെ നൽകുമെന്നും കമ്പനി സി.ഒ.ഒ വി.പി. സൈദലവി. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും മുൻ ജീവനക്കാരൻ പരാതി നൽകിയത് കമ്പനിയെ തകർക്കാൻ വേണ്ടിയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

കഴിഞ്ഞ 20 വർഷത്തിനിടെ ഒരു നിക്ഷേപകൻ പോലും പരാതി നൽകാത്തതിനാൽ നിക്ഷേപ തട്ടിപ്പ് എന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളിൽ ആശങ്ക പരത്താനും അതുവഴി പണം കൂട്ടത്തോടെ പിൻവലിപ്പിക്കാനുമുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പ്രേംകുമാർ ബി.എൽ.എമ്മിന്റെ ചെയർമാനല്ലെന്നും കരുണാ മൂർത്തിയാണ് പ്രസിഡന്റെന്നും വി.പി. സൈദലവി അറിയിച്ചു. മറ്റ് സൊസൈറ്റികളിൽ പൂർണമായും നിയമപ്രകാരമാണ് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും അതിൽ യാതൊരു നിയമലംഘനവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 850 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനിക്ക് നിലവിൽ 1000 കോടി രൂപയുടെ ആസ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്നു ആരോപിച്ച് പരാതിക്കാരൻ നടക്കാവ് പൊലീസിനെ സമീപിച്ചെങ്കിലും അദ്ദേഹം കമ്പനിയിൽ ഇതുവരെ പണം നിക്ഷേപിച്ചിട്ടില്ലെന്ന് സൈദലവി പറയുന്നു. കമ്പനിയുടെ ഭാഗം കേൾക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പരാതിയിൽ തിടുക്കത്തിൽ നടപടിയെടുത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്നും വി.പി. സൈദലവി ആരോപിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ധൃതിപിടിച്ചുള്ള ഈ നടപടിയുണ്ടായത്. പരാതിക്കാരൻ തന്നെ പരാതി പിൻവലിച്ചിട്ടുണ്ട്. മാത്രവുമല്ല, പരാതിക്കാരില്ലാതെ പൊലീസ് സ്വമേധയാ എടുത്ത നാല് കേസുകൾ ഹൈക്കോടതി തള്ളിയതാണെന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തിൽ ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

സൊസൈറ്റിയിൽ നിക്ഷേപിച്ച പണം ഹോട്ടലുകൾ, റിസോർട്ടുകൾ, തിയേറ്ററുകൾ എന്നിവ വാങ്ങാൻ വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയേറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ സൊസൈറ്റിയുടെ പണം ഉപയോഗിച്ചതായാണ് ആരോപണം. വിവിധ കമ്പനികൾ വഴിയും പണം വകമാറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ 300 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, തട്ടിപ്പിന്റെ ആകെ തുക സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തുവരുന്നത്. സാമ്പത്തിക ഇടപാടുകളുടെ വിശദമായ പരിശോധന തുടരുകയാണ്.

കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിക്കാരൻ പിന്നീട് പരാതി പിൻവലിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതോടെ അന്വേഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു.

കേസ് ചോദ്യംചെയ്ത് പ്രേംകുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യനില പരിശോധിച്ചശേഷം ഇയാളെ കേരളത്തിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

അതേസമയം, വ്യാജപരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കഴിഞ്ഞ ദിവസം ബി.എൽ.എം സൊസൈറ്റി പരാതി നൽകിയിരുന്നു. പ്രചരിപ്പിക്കപ്പെടുന്ന രേഖകളുടെയും വാർത്തകളുടെയും ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നായിരുന്നു സൊസൈറ്റിയുടെ ആവശ്യം.

സൊസൈറ്റിക്കെതിരെ സമീപകാലത്ത് പ്രചരിക്കുന്ന ചില രേഖകളും വാർത്തകളും ഔദ്യോഗിക കണക്കുകളോടും രേഖകളോടും പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു പരാതിയിലെ ആരോപണം. ‘വിവിധ വകുപ്പ് മേധാവികൾ നൽകിയതാണെന്ന് അവകാശപ്പെടുന്ന രേഖകളും വിവരങ്ങളും ഉദ്ധരിച്ച് ഓൺലൈൻ, സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഇത് അംഗങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു. സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചായിരിക്കണം തുടർനടപടികൾ സ്വീകരിക്കേണ്ടത്. നിയമപരമായ നടപടികൾ സുതാര്യമായും നിഷ്പക്ഷമായും മുന്നോട്ടുപോകണം’ -ബി.എൽ.എം സൊസൈറ്റി പരാതിയിൽ ആവശ്യപ്പെട്ടു. വസ്തുതകളുടെ അടിസ്ഥാനത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സൊസൈറ്റി പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് സൊസൈറ്റി ചെയർമാൻ പ്രേംകുമാറിനെ ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - No Investor Will Lose Money, Returns Granted Upon Request: BLM Company Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.